രാകി നോക്കാം..തിരിച്ചും മറിച്ചും.ആയുസ്സുകുറയുമെങ്കിലും കുഞ്ഞുങ്ങൾക്കു പെൻസിലു കൂർപ്പിക്കാനും അമ്മൂമ്മയ്ക്ക് അടയ്ക്ക വെട്ടാനുമായാലോ.
വ്യാഴാഴ്ച, ഒക്ടോബർ 21, 2021
ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014
കയ്യക്ഷരകാലം
കയ്യക്ഷരകാലം
എഴുത്തിന്റെ സാഹസികകാലമാണ്
കൈയക്ഷരകാലം.എല്ല അക്ഷരങ്ങൾക്കുമധികാരി രണ്ടുവിരലുകൾ മാത്രമായിരുന്ന കാലം.വിരലുകൾ
അക്ഷരങ്ങളെ ഉത്തരവാദിത്തത്തോടെ ആവിഷ്കരിച്ച കാലം.അക്ഷരങ്ങളുടെ പിതൃ/മാതൃത്വങ്ങളിൽ
നിന്ന് വിരലുകൾക്ക് ഒളിക്കാനാകുമായിരുന്നില്ല.തങ്ങൾ ആരുടെ എഴുത്താണെന്ന് അക്ഷരങ്ങൾ
അതാതു കൈവിരലുകൾക്കു നേരെ ചൂണ്ടിയിരുന്നു അക്കാലം.
കൈവിരലുകളുംഅക്ഷരങ്ങളും
തമ്മിലുള്ളത് സ്നേഹസംഘർഷങ്ങളുടെ ചരിത്രബന്ധമാണ്.വിരൽത്തുമ്പിലേക്ക്
അക്ഷരങ്ങൾസ്വമേധയാകയറിവന്നില്ല.അക്ഷരങ്ങളിലേക്ക്വിരലുകൾ ഇറങ്ങിവരിക യായിരുന്നു.അക്ഷരങ്ങൾ
കുഞ്ഞുവിരലുകളോട് കലഹിച്ചിരുന്നു.തെന്നിയും മാറിയും കബളിപ്പിച്ചിരുന്നു.അക്ഷരവഴിയെ
പെരുവഴിയിൽ സ്തംഭിപ്പിച്ച് പൊട്ടികളിപ്പിക്കുമായിരുന്നു.നിശിത പരിശീലനങ്ങളുടെ നീണ്ടകാലം കൊണ്ടാണ് അക്ഷരങ്ങൾ
വിരൽത്തുമ്പുകളുടെ തോഴരായത്.സൂക്ഷ്മനാഡികൾ അക്ഷരവടിവുകളെ തോറ്റിയെടുത്തപ്പോൽ മുതൽ
അവർ വേർപിരിയാത്ത ബന്ധുത്വത്തിലായി.സ്വതന്ത്രരും പ്രാകൃതരുമായ അസംഖ്യം ചിഹ്നങ്ങളിൽ
നിന്ന് വളയാൻ കൂട്ടാക്കാത്തവയെ വളച്ചും മുറിയാൻ കൂട്ടാക്കാത്തവയെ മുറിച്ചും
കുനിയാത്തവയെ കുനിപ്പിച്ചും നല്ലനടപ്പുള്ളവരാക്കി വടിവുള്ളവരാക്കിയാണ് ഓരോ
നാട്ടുകാരും തങ്ങളുടെ ഭാഷക്ക് ലിപിയുണ്ടാക്കിയത്.രണ്ടുവിരലുകൾ കൊണ്ട്
അമ്പത്തൊന്നക്ഷരങ്ങളെ വളച്ചെടുത്തവൻ മലയാളിയായി.
കാലാന്തരത്തിൽ
നേടുകമാത്രമല്ല നഷ്ടപ്പെടുകയും ചെയ്തവനെയാണ് മനുഷ്യനെന്നുവിളി ക്കുന്നത്.വാമൊഴിയിൽ
നിന്നു വരമൊഴിയിലേക്കു പുരോഗമിച്ചപ്പോൾ അവൻ വേദനിക്കുകയും ആനന്ദിക്കുകയും ചെയ്തത്
ഒരുമിച്ചായിരുന്നു.പറച്ചിലിനേക്കാൾ എത്ര യാന്ത്രികമാണ് എഴുത്ത് എന്നതായിരുന്നു
ആദ്യവേദന.അമ്മേ എന്ന വിളി സ്നേഹരഹിതമായിത്തീരുന്നുണ്ട് അമ്മേ
എന്നെഴുതുമ്പോൾ.ശബ്ദവും അർത്ഥവും ആരോപിച്ചില്ലെങ്കിൽ എത്ര നിർജ്ജീവമാണ് ഓരോ
അക്ഷരവും..എത്ര സങ്കീർണ്ണമായ സാങ്കേതികതയാണ് അക്ഷരമാലയും
ലിപികളും!നേർക്കുനേരെയുള്ള പറച്ചിലിലെ
ശക്തിസൌന്ദര്യങ്ങൾ,സ്നേഹവാത്സല്യങ്ങൾ,അടുപ്പങ്ങൾ, വിശ്വാസങ്ങൾ എല്ലാം എഴുത്ത്
നഷ്ടപ്പെടുത്തി.അത് അതിന്റെ കൃത്രിമ വികാരങ്ങളേയും മൂല്യങ്ങളേയും സന്ദർഭ
രഹിതമായി/ചരിത്രരഹിതമായി സൃഷ്ടിച്ചുതുടങ്ങി.വേറിട്ടുകേട്ട ഒച്ചകളുടെ(മൊഴികളുടെ)
നൈസർഗ്ഗികതയെ തഴഞ്ഞ് ചലനരഹിതമായ ചിഹ്നങ്ങളെ വ്യക്തിത്വത്തിനു പകരം വച്ചു.
ഞാനില്ലെങ്കിലും എന്നെ
ഓർമ്മിപ്പിക്കുന്നല്ലോ എന്റെ എഴുത്ത് എന്നതായിരുന്നു അവന്റെ/അവളുടെ ആനന്ദം.സ്വന്തം
ഒച്ചയെ കവിഞ്ഞ് ദേശകാലങ്ങളിലേക്കു പ്രസരിക്കുന്ന മറ്റൊരു ഒച്ചയാകുന്നല്ലോ എഴുത്ത്
എന്നത് ആനന്ദം വർദ്ധിപ്പിച്ചു.അസാന്നിദ്ധ്യത്തിലെ സാന്നിദ്ധ്യമാകാൻ,ഒച്ചയേക്കാൾ
സൂക്ഷ്മമായി ധ്വനിക്കാൻ,അമരത്വം നേടാൻ എഴുത്തിനെ അവൻ/അവൾ ഉപകരണമാക്കി.
എഴുത്തിനുമുണ്ടായിരുന്നു
ഒരു സവർണജീവിതം.അക്ഷരവും എഴുത്തുപകരണങ്ങളും ഉന്നതനു സംവരണം ചെയ്യപ്പെട്ട
കാലം.പാപ്പിറസ് ചുരുളുകളിലും താളിയോലകളിലുമായി അതു കൊട്ടാരജീവിതം
നയിച്ചു.ചുരുണകളായും മതിലകം രേഖകളായും ഹസ്തലിഖിതങ്ങളായും അതു വരേണ്യനാമം ധരിച്ചു
പൂണൂലിട്ടു.അവ നാടുവാഴികൾക്കും മാടമ്പികൾക്കും കൂട്ടായി അധികാരത്തിനു കാവൽ
നിന്നു.രാജശാസനകളുടെ ദാസന്മാരും ഭക്തന്മാരുമായി.ആട്ടവും നാട്യവും ശൃംഗാരവുമായി
ക്രീഡിച്ചു.ചിലപ്പോഴത് കൊട്ടാരത്തിലെ ദാസിയാട്ട്ങ്ങൾക്കെതിരെ അമ്പലപ്പറമ്പിലെ പറയൻതുള്ളലായി
അവതരിച്ചിട്ടുണ്ട്.അളിഞ്ഞ ശൃംഗാരത്തെ കിളിപ്പാട്ടു മൂളി ത്തോൽപ്പിച്ചിട്ടുമുണ്ട്
കൊട്ടാരം വിട്ടിറങ്ങിയ
കൈയെഴുത്തുകളാണ് പിന്നീട് ജനകീയ വിപ്ലവാക്ഷരങ്ങളായി വികസിച്ചത്.ഓലയിൽ നിന്ന്
കടലാസിലേക്കും ആണിയിൽ നിന്ന് പെൻസിൽ/പേനയിലേക്കുമുള്ള എഴുത്തിന്റെ മാറ്റം
എഴുത്തധികാരത്തെ വികേന്ദ്രീകരിച്ചു.എഴുത്തിന്റേയും അക്ഷരങ്ങളുടെയും വിമോചനത്തിന്റെ
ഒരു ഘട്ടമായിരുന്നു അത്.അക്ഷരങ്ങൾ പൊള്ളുന്നജീവിതംഅനുഭവിച്ചു.അതാവിഷ്കരിച്ചു.സ്തുതിയുടെകൈപ്പടകൾക്ക്ചോദ്യംചെയ്യലിന്റ്റെവടിവുവന്നു.അധികാരത്തിനെതിരെമുദ്രാവാക്യങ്ങളായി,ചുവരെഴുത്തുകളായി
കയ്യകഷരങ്ങൾ വിപ്ലവം നയിച്ചു.അതു പ്രണയങ്ങളെ വെളിപ്പെടുത്തി.വിശ്വാസങ്ങളെ
ഊട്ടിയുറപ്പിച്ചു.സൌഹൃദങ്ങൾ പങ്കിട്ടു.വിരഹങ്ങളെ ആവിഷ്കരിച്ചുപ്രണയത്തിന്റേയും
വിരഹത്തിന്റേയും വിപ്ലവത്തിന്റേയും സൌഹൃദത്തിന്റേയും കൈപ്പടകൾക്ക് ഒരേ
രക്തസാഹോദര്യമായിരുന്നു.
പ്രണയം എല്ലാ കൈപ്പടകളേയും
സുന്ദരമാക്കിയ ഒരു കാലമുണ്ടായിരുന്നു.അവന്റെ/അവളുടെ അസാന്നിദ്ധ്യം പകരുന്ന വേദന
ശമിപ്പിക്കാൻ ആ കൈപ്പടയിലെഴുതിയ രണ്ടു വരികൾ മതിയായിരുന്നു. നെഞ്ചിൽ പന്തം
കൊളുത്തിയ വരികൾ സഖാവിന്റെ കൈപ്പടയിലായിരുന്നു.ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്കു
പ്രവഹിച്ച രാസസന്ദേശങ്ങളുടെ ചാലകമായിരുന്നു കൈപ്പട.
ഓരോ കൈപ്പടയും ഓരോ
വ്യക്തിത്വമായി
തിരിച്ചറിയപ്പെട്ടു.ഓരോരുത്തരും അവരുടെ കൈപ്പടയേക്കാൾ കുറഞ്ഞതോ കൂടിയതോ
അല്ലാതായി.അപ്പോഴേക്കും കൈപ്പടകൾ നല്ലതെന്നും ചീത്തയെന്നും
വിഭജിക്കപ്പെട്ടിരുന്നു.നല്ല കൈപ്പട പ്രശംസിക്കപ്പെട്ടപ്പോൾ ചീത്ത കൈപ്പട വിരോധിക്കപ്പെട്ടു.കൈപട
നന്നല്ലാത്തതിന് അവനും അവളും തല്ലുകൊണ്ടു.കൈപ്പടയേക്കാൾ മോശക്കാരനായി അവൻ
മുദ്രകുത്തപ്പെട്ടു.കോപ്പിവരയിലൂടെ അവനെ/അവളെ നടത്തിച്ചു.ചൂണ്ടാണിവിരൽ
പീഡിപ്പിക്കപ്പെട്ടു.മുഴുവൻ ഉത്തരമെഴുതിയിട്ടും അവനു മാത്രം മാർക്കു കുറഞ്ഞു.നല്ല
കൈപ്പടയുള്ള ഒരു ഗാന്ധിയോ ഇ.എം.എസോ അസാധ്യമാണെന്ന് കൈപ്പട വിജ്ഞാനികൾ
ചിന്തിച്ചില്ല.
ഡിജിറ്റൽ കാലം
പീഡിതകൈപ്പടസ്വത്വങ്ങളെ ഒന്നിപ്പിച്ചിരിക്കുന്നു.അത് അക്ഷരങ്ങളെ പത്തു
വിരലുകൾക്കുമായി പകുത്തുകൊടുത്തു.അക്ഷരങ്ങളോടു മല്ലിട്ട് വടിവും വളവും
കൃത്യമാക്കുന്ന നീണ്ട സഹനകാലങ്ങളെ അതു പഴങ്കഥയാക്കി.കയ്യക്ഷരത്തിലെ
വ്യക്തിത്വസങ്കൽപ്പം അസംബന്ധമെന്നു തിരുത്തി.എല്ലാ കൈവിരലുകളേയും അതു
സുന്ദരന്മാരും സുന്ദരികളുമാക്കി.ഡിജിറ്റൽ അക്ഷരങ്ങൾ കയ്യക്ഷരങ്ങളെ പ്പോലെ
ധാർഷ്ട്യക്കാരല്ല.വരച്ച വരയിൽ നിന്നനങ്ങാത്ത നിലപാടുള്ളവരാണ്
കയ്യക്ഷരങ്ങൾ.ഇഷ്ടാനുസരണം വലുതാകാനോ ചെറുതാകാനോ ഒന്നു നീങ്ങി നിൽക്കാനോ മറ്റൊരാൾക്കു
സ്ഥലം കൊടുക്കാനോ സമ്മതിക്കാത്തവർ.നിരവധി വെട്ടുകൊണ്ടിട്ടും തിരുത്തപ്പെടാൻ
സന്നദ്ധരല്ലാത്തവർ.പേജോടെ വലിച്ചുകീറി തീയിലിട്ടോ വലിച്ചെറിഞ്ഞോ ആണ് അവരെ
ഒതുക്കിയിരുന്നത്.പഴയ സഹനസമരങ്ങളുടെ ധീരസ്മരണയിലായിരിക്കും
അവരപ്പോഴും.വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉള്ള ഇവരെ വിപ്ലവകാരികളെന്നോ
യാഥാസ്ഥിതികരെന്നോ തരം പോലെ വിളിക്കാം.
താനെന്തിനോടും ചേരാം-
തന്നോടെന്തിനേയും ചേർക്കാം എന്ന ആഗോള പാരസ്പര്യമാണ് ഡിജിറ്റൽ അക്ഷരങ്ങൾക്ക്.ആർക്കുമുമ്പിലും
ചെറുതാകാനോ വലുതാകാനോ മടിയില്ല്ല.ഇക്കാണുന്നതൊന്നും തന്റേതല്ലെന്ന
അക്കിത്തഭാവം.ഒരേസമയം വാമനനായും മഹാബലിയായും ചുവടുവക്കുന്ന
അവതാരമാഹാത്മ്യം.ഒടിയാനും വളയാനും കഴിയുന്നതിൽ അപകർഷപ്പെടാത്ത വ്യക്തിത്വം.നിമിഷം
കൊണ്ടു നിറം മാറുന മായാജാലം..മുന്നിലോ പിന്നിലോ വശങ്ങളിലോ അർക്കും ഇടം
അനുവദിക്കുന്ന ഉദാരത.വിട്ടുവീഴ്ചയാണ് എപ്പോഴത്തേയും നിലപാട്.ചെറുത്തുനില്പില്ല
.ആത്മത്യാഗവും അഹിംസയും മാത്രം!വൃദ്ധിക്ഷയങ്ങൾ ബാധിക്കാത്ത ജരാനരകളില്ലാത്ത
സാർവജനീന യുവത്വം! സൌന്ദര്യം.!ഇതു പുതിയ കാലത്തിന്റ്റെ തത്വചിന്തയും
സൌന്ദര്യശാസ്ത്രവും കൂടിയാണ്.
ഓരോ ചരിത്രഘട്ടവും കുറേയേറെ
നിലവിളികളെ ബാക്കിയാക്കുന്നുണ്ട്.അക്ഷരബന്ധം മുറിഞ്ഞ ചൂണ്ടുവിരലുകൾ ഇന്നു
നിലവിളിക്കുകയാണ്.കൈവിരലുകളിലെ സൂക്ഷ്മസ്പർശിനികൾക്കു ശ്വാസം
മുട്ടുന്നു.കയ്യക്ഷരകാലത്തെ അതു ഗൃഹാതുരതയോടെ പുണരുന്നു.അങ്ങനെ ഡിജിറ്റൽ കാലത്തും
കയ്യക്ഷരപതിപ്പുകളും പുസ്തകങ്ങളുമുണ്ടാകുന്നു.എഴുത്തോലകൾ
ഉണ്ടാകുന്നു.യുവജനപ്രസ്ഥാനങ്ങളും കലാസമിതികളും വായനശാലകളും കയ്യെഴുത്തിലേക്കു
തിരിയുന്നു.മലപ്പുറം എ.യു.പി.സ്കൂളിൽ നിന്ന് 1500 കയ്യെഴുത്തുമാസികകളാണ് ഒരേസമയം
പുറത്തിറക്കിയത്!കുണ്ടൂർക്കുന്നു ഹയർസെക്കണ്ടറിയിൽ നിന്ന് 1000 കൈയേഴുത്തു
പുസ്തകങ്ങളും!സ്വദേശത്തും വിദേശത്തും കയ്യക്ഷരപ്രണയം വർദ്ധിക്കുകയാണ്.
കയ്യെഴുത്തുപ്രതികളുടെ
ഓൺലൈൻ വായന നടക്കുന്നു.ഡാർവിനും ന്യൂട്ടനും സ്വന്തം കൈപ്പടയുമായി
ഓൺലൈനിലെത്തിയിരിക്കുന്നു.ടാഗോറിന്റെ കൈപ്പട 91 ലക്ഷത്തിനു വിറ്റുപോകുന്നു.മർലിൻ
മൺ-റോയുടെ കത്ത് 15 ലക്ഷത്തിന് ലേലം ചെയ്യപ്പെടുന്നു.കയ്യക്ഷരപ്രണയം ഒരു മതമായി
വികസിക്കുന്നു.84 വർഷമായി തമിഴ് നാട്ടിൽ നിന്നിറങ്ങുന്ന മുസൽമാൻ എന്ന ഉറുദു
ദിനപ്പത്രം കയ്യക്ഷരത്തിൽ തയ്യാറാക്കുന്നതാണ്.മുസൽമാൻ കയ്യക്ഷരമൌലികവാദത്തിന്റെ
പ്രതീകമാകുന്നു.6000 മീറ്റർ നീളത്തിൽ ഖുറാന്റെ കയ്യെഴുത്തു പ്രതി
തയ്യാറാക്കപ്പെടുന്നു.
ചരിത്രത്തെവർത്തമാനത്തിൽനിന്ന്ജീവനോടെമുറിച്ചുമാറ്റുമ്പോൾസംഭവിക്കുന്നസ്വാഭാവികപ്രതിരോധങ്ങളാണ്
കൂടുതലും.ഓർമ്മകളുണ്ടായിരിക്കണമെന്ന എക്കാലത്തേയും സന്ദേശവുമാണത്.എന്നാൽ
ചരിത്രത്തിൽ സ്തംഭിച്ചു നിൽക്കാതിരിക്കുമ്പോഴേ ഓർമ്മകൾ വിപ്ലവകരമായിത്തീരുകയുള്ളൂ.
Posted by
രവി മുന്നൂർക്കോട്
at
ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014
2
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
ലേഖനം
ലഹരിയുടെ ഫോൿലോർ വർത്തമാനം
ലഹരിയുടെ
ഫോൿലോർ വർത്തമാനം
മനുഷ്യന്റെ സ്വാഭാവികമായ ചിന്തകളേയും ചലനങ്ങളേയും
ഭാവനകളേയും അബോധത്തിലൂടെ നടത്തിക്കുന്ന ഒരവസ്ഥയാണ് ലഹരി.ലഹരി ഒരവസ്ഥയെ മാത്രമല്ല
വസ്തുനാമത്തേയും അർത്ഥമാക്കുന്നു.രണ്ടർത്ഥത്തിലും ലഹരി ഒരു
ചീത്തവാക്കായിക്കഴിഞ്ഞിരിക്കുന്നു ഇന്ന്.അശ്ലീലം പോലെ അഗമ്യഗമനം പോലെ
സദാചാരവിരുദ്ധതയും സാമൂഹികവിരുദ്ധതയും അതിനു കൽപ്പിക്കപ്പെടുന്നു.
സൌന്ദര്യത്തേയും ആനന്ദത്തേയും അധ്വാനത്തേയും
മധുരക്കിനാവുകളേയും ലഹരിയുമായി ബന്ധിപ്പിച്ചു പഴയ കാവ്യഭാവന.അങ്ങനെ സൌന്ദര്യലഹരിയും
ആനന്ദലഹരിയും ഉണ്ടായി.അതു സർഗ്ഗാത്മകതയുടെ തന്നെ രൂപകമായി.ആരോഗ്യകരമായ ലഹരിയും
അതിനെക്കുറിച്ചുള്ള അറിവും സമൂഹത്തിന്റെ അതിജീവനശേഷിയേയും സർഗ്ഗത്മകതയേയും
ജ്വലിപ്പിക്കുമെന്ന് അറിയുന്നവരായിരുന്നു അവർ.
കൃത്രിമമായ് ലഹരിയുല്പാദിപ്പിക്കുന്ന പദാർത്ഥങ്ങളും പാനീയങ്ങളും
മരുന്നുകളും വിപണിയിൽ സുലഭമാകുന്നതിന്റെ വാണിജ്യതാല്പര്യങ്ങളും രാഷ്ട്രീയവും
അതിശക്തമായിരിക്കുന്നു.സമൂഹത്തെ ലഹരിവിമുക്തമാക്കാനുള്ള സംഘടിത യത്നങ്ങൾ വിവിധ
തലങ്ങളിൽ നടക്കുന്നുമുണ്ട്.ബോധപൂർവം വെറുക്കാൻ പരിശീലിക്കുമ്പോഴും
അബോധപ്രലോഭനങ്ങളായി ലഹരിയോടുള്ള ആസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.ലൈംഗികതയുടെ
അടിച്ചമർത്തൽ അശ്ലീലത്തെ ഉൽപ്പാദിപ്പിച്ചതു പോലെ ആരോഗ്യകരമായ ലഹരിയുടെ അഭാവം
അപകടകരമായ ഉന്മാദങ്ങളെയാണ് സൃഷ്ടിക്കുന്നത്.അതിനാൽ ലഹരിയിലേക്കു സ്വയം സമർപ്പിച്ചു
കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മനശ്ശാസ്ത്രവും ലഹരിയുടെ ഫോൿലോർ ധർമ്മവും
പരിശോധിക്കപ്പെടേണ്ടതുണ്ട്.
ലൈംഗികതയെന്ന പോലെ ലഹരിയും മനുഷ്യന്റെ
സഹജവാസനയാണ്.ബോധത്തെക്കാാൾ അബോധത്തെ യാഥാർത്ഥ്യത്തെക്കാൾ സങ്കൽപ്പത്തെ
ആശ്രയിക്കാനുള്ള വാസനയാണത്.മനുഷ്യന്റെ സർഗ്ഗാത്മകപ്രവർത്തനങ്ങളെല്ലാം ഈ
അബോധചേതസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു.ലഹരി പിടിക്കാനും ലഹരി
പിടിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് മനുഷ്യനോളം പഴക്കം കൽപ്പിക്കേണ്ടിവരുന്നു.പ്രാകൃതരും
പരിഷ്കൃതരുമായ മനുഷ്യർ മാത്രമല്ല അവരുടെ ദൈവങ്ങളും ലഹരിയെ സ്നേഹിച്ചു.ലഹരിക്കു
ദേവനും ദേവിയുമുണ്ടായി.
ഗ്രീക്കുകാരുടെ ലഹരി(വീഞ്ഞ്)ദൈവമാണ് ഡയനീഷ്യസ് അഥവാ
ബാക്കസ്.സുരാദേവി ഹൈന്ദവരുടെ മദ്യദേവതയാണ്.ഇന്ദ്രാദിദേവന്മാർക്ക് സോമരസം
പ്രിയങ്കരമാണെന്ന്പുരാണങ്ങളിൽകാണാം .സോമരസം ലഹരിപാനീയമാണ്.യാഗങ്ങളിൽ
ദേവപ്രീതിക്കായി സോമരസം അർപ്പിച്ചിരുന്നുവത്രേ.അർച്ചനക്കു താമസംനേരിട്ടാൽഅവർകോപിക്കുമെന്നവിശ്വാസവുമുണ്ട്.പ്രാകൃതദൈവങ്ങളായകരിങ്കുട്ടി,പറക്കുട്ടി,കുട്ടിച്ചാത്തൻ,മാടൻ
എന്നിവർക്ക് കള്ളാണ് പ്രിയം.പൂർവികരായ കാരണവന്മാർക്കും തറവാട്ടുദൈവങ്ങൽക്കും
കള്ളുനേദിക്കുന്ന ചടങ്ങ് കുടുംബങ്ങളിലിന്നുമുണ്ട്.പറശ്ശിനിക്കടവു മുത്തപ്പൻ
കള്ളുസ്വീകരിച്ച് അനുഗ്രഹം ചൊരിയുന്നു.
Normal is boring എന്നത് എക്കാലത്തേയും മനുഷ്യന്റെ
സാമാന്യാനുഭവമാണ്.അതുകൊണ്ടാണ് അല്പമെങ്കിലുംഅബ്നോർമലാവാൻഅവൻ/അവൾപ്രലോഭിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.അബ്നോർമാലിറ്റിക്ക്സർഗാത്മകതയുമായി
ബന്ധമുണ്ടെന്നാണ് ആധുനികമതം.സിരാരോഗപരമായ വ്യതിയാനമാണ് കലക്കു ഹേതുവെന്നുസിദ്ധാന്തിച്ചത്ഫ്രോയ്ഡാണ്.സർഗ്ഗാത്മകതയെലഹരിയായിഅവൻഅനുഭവിച്ചു.സൃഷ്ടിപ്രക്രിയയും
അതിന്റെ ഉല്പന്നവും അവനു ലഹരിയായി.കല,സംഗീതം,തത്വചിന്ത,മതം,പ്രത്യയശാസ്ത്രം എല്ലാം.മനസ്സിൽ
നിന്ന് മനുഷ്യൻ സൃഷ്ടിച്ച ലഹരികളായിരുന്നു ഇവയെല്ലാം. പകരം മനസ്സിലേക്കു
കോരിനിറക്കാവുന്നകൃത്രിമലഹരികളുംഅവൻകണ്ടെത്തി.മനസ്സിനെനിഷ്ക്രിയമായിലഹരിപിടിപ്പിക്കാനുള്ളഎളുപ്പവഴിയായിത്തീർന്നു
അത്.
എല്ലാസമൂഹങ്ങളുംപഴയകാലംമുതൽവ്യത്യസ്തരീതിയിൽലഹരിവസ്തുക്കൾഉപയോഗിച്ചുപോന്നിട്ടുണ്ട്.മദ്യവും
പുകയിലയും മയക്കുമരുന്നുകളും ലഹരിവസ്തുക്കളിൽപെടുന്നു.ലോകത്തിലെ പ്രഗത്ഭരായ
പലകലാകാരന്മാരും ബുദ്ധിജീവികളും ലഹരിക്കടിമകളായിരുന്നു.ലഹരിവസ്തുക്കൾ
സർഗ്ഗാത്മകതക്കു പ്രചോദനമാകുമെന്നാണവർ കരുതിയത്.ശാരീരികാധ്വാനം നടത്തുന്ന തൊഴിലാളികളും
ലഹരി ഉപയോഗിക്കുന്നു.ക്ഷീണം മാറുന്നുവെന്ന വ്യാജപ്രതീതി അവർക്കും ആശ്വാസം നൽകി.
ലഹരിവസ്തുക്കൾ പലതും ഔഷധങ്ങൾ കൂടിയാണ്.പുകയിലയും
കഞ്ചാവുമെല്ലാം പണ്ടുമുതലേ ഔഷധമായി ഉപയോഗിച്ചുപോന്നതിനു തെളിവുകളുണ്ട്.ആയുർവേദത്തിലും
ഹോമിയോപ്പതിയിലും മരുന്നായി പുകയില ഉപയോഗിക്കുന്നുണ്ട്.16ആം നൂറ്റാണ്ടോടെ
മാത്രമാണ് പുകയിലക്കു ലോകത്തു പ്രചാരം കിട്ടുന്നത്.ആദ്യകാല ബഹാമസ്
ദ്വീപുനിവാസികളാകാം പുകയിലയുടെ ഉപയോഗം തുടങ്ങിയതെന്നു കരുതപ്പെടുന്നു.പുകയില
പനയോലയിലും മറ്റും ചുരുട്ടി വലിക്കുന്നതും വെള്ളത്തിലിട്ടു
തിളപ്പിച്ചുകുടിക്കുന്നതും അവർ പതിവായിരുന്നത്രേ.
ബീഡി,സിഗററ്റ്,ചുരുട്ട് രൂപത്തിൽ പുകവലിച്ചും
പൊടിരൂപത്തിൽ മൂക്കിൽ വലിച്ചുകയറ്റിയും പുകയില ലഹരിക്കായി സാർവത്രികമായി ഉപയോഗിക്കുന്നു.ചുരുട്ടിന്റെ(സിഗാർ)
ആരാധകരിൽ പ്രധാനികളാണ് വിപ്ലവകാരികളായ ചെ-ഗുവേരയും ഫിഡൽകാസ്ട്രോയും.വിൻസ്റ്റൺ
ചർച്ചിൽ,സിഗ്മണ്ട് ഫ്രോയ്ഡ്,മാർൿട്വൈൻ എന്നീ ലോകപ്രശസ്തർക്ക് ചുരുട്ടുവലിക്കുന്നവർ
എന്ന പ്രശസ്തിയും ഒപ്പമുണ്ട്.പുകയില ഉൽപ്പന്നങ്ങൾക്കു ലഹരികൊടുക്കുന്നതു നിക്കോട്ടിനാണ്
ശുദ്ധമായ നിക്കോട്ടിൻ മാരകമായ വിഷമാണ്.എന്നാൽ ഭക്ഷണത്തിലെ നിക്കോട്ടിനിക്
അമ്ലത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന പെല്ലാഗ്ര എന്ന രോഗത്തിന് മരുന്നായി
നിക്കോട്ടിനുപയോഗിക്കുന്നു.
ഉൽക്കണ്ഠ അകറ്റുവാനുള്ള ഉത്തമ ഔഷധമായി അഥർവവേദത്തിൽ
പരാമർശിക്കപ്പെടുന്ന ലഹരിവസ്തുവാണ് ഭാംഗ്.കഞ്ചാവു ചെടിയുടെ ഇലകൾ കൊണ്ടും
പൂക്കൾകൊണ്ടുമാണ് ഇതുണ്ടാക്കുന്നത്.ഹോളിദിവസവും വൈശാഖിദിവസവും ഉത്തരേന്ത്യക്കാർ
വ്യാപകമായി ഭാംഗ് ഉപയോഗിക്കുന്നു.ഭാംഗ് അവർ പലഹാരത്തിൽ അരച്ചുചേർത്തു കഴിക്കുകയും
പാലിൽ ചേർത്തു കുടിക്കുകയും ചെയ്യുമത്രേ.പുരാതന ഈജിപ്തിലും ചൈനയിലും ഔഷധമായി
ഉപയോഗിച്ചിരുന്ന ലഹരിവസ്തുവാണ് കഞ്ചാവ്.
മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ളമരുന്നായിആയുർവേദഗ്രന്ഥങ്ങളിൽകഞ്ചാവിനെപരാമർശിക്കുന്നുണ്ട്.പഴയകാലത്ത്
താന്ത്രികമാന്ത്രിക ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നതുകൊണ്ട് കഞ്ചാവിന്റെ ലഹരിക്ക്ദൈവികമാനംകൽപിച്ചിരുന്നുവത്രെ.സോമരസംഉണ്ടാക്കുന്നതിൽകഞ്ചാവ്ഉപയോഗിച്ചിരുന്നതായികരുതപ്പെടുന്നു.സ്വപ്നാവസ്ഥയുംമയക്കവുംആന്തരികഉദ്ദീപനവുംകൃത്രിമമനസ്സുഖവുംലഭിക്കുന്നതിനാൽകഞ്ചാവ്പ്രിയങ്കരമായലഹരിവസ്തുവായി.വേദനസംഹാരിയായുംഅപസ്മാരം,പേശിവലിവ്,മാനസികസമ്മർദ്ദം,വിശപ്പില്ലായ്മ
എന്നിവക്കു മരുന്നായും കഞ്ചാവിലെ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്.
പഞ്ചപാതകങ്ങളിലൊന്നായിമദ്യപാനത്തെകണക്കാക്കിത്തുടങ്ങിയത്അടുത്തകാലത്തുമാത്രമാകണം.പാലിനും(ക്ഷീരം)മദ്യത്തിനും(സുര)ഒരേപ്രാധാന്യംപുരാണകാലത്ത്കൽപ്പിക്കപ്പെട്ടതുകൊണ്ടാണല്ലോ
ക്ഷീരസാഗരവും സുരാസാഗരവും സപ്തസാഗരങ്ങളിലുൾപ്പെട്ടത്.പുരാണ കഥാസങ്കൽപ്പമനുസരിച്ച്
മദ്യം സേവിക്കുന്നവരും സേവിക്കാത്തവരുമെന്ന വിഭജനമാണ്
സുരന്മാർ(ദേവന്മാർ),അസുരന്മാർ എന്നീ പേരുകൾക്കുപിന്നിലുള്ളത്.ഈയർത്ഥത്തിൽ
ദേവത്വത്തിലേക്കുള്ള വഴിയായിരിക്കണം മദ്യസേവ.
അസുരന്മാർ മദ്യപാനികളല്ലെങ്കിലും ഗുരുവായ ശുക്രമുനി
മദ്യപാനിയായിരുന്നു.അദ്ധേഹം ബ്രഹ്മണനായതുകൊണ്ട് അതിൽ വൈരുദ്ധ്യമില്ലെന്ന
സമാധാനമുണ്ട്.ബ്രാഹ്മണനു മദ്യസേവയാകാം.ഈശ്വരസേവയും മദ്യസേവയും ഒരേസമയം
പാടില്ലെന്നേയുള്ളൂ.ബ്രാഹ്മണന് ഭൂസുരൻ എന്നുകൂടി പേരുള്ളതുകൊണ്ട് ഭൂമിയിൽ
മദ്യപാനത്തിനു ലൈസൻസു നേടിയ ഒരേയൊരുവിഭാഗമാണ് അവരെന്ന ഒരു രസികന്റെ(ഡോ:ഹരിദാസ്
നെടുങ്ങാടി) നിരീക്ഷണത്തിൽ കാര്യമുണ്ട്.
മദ്യപാനം അവകാശമായി ഉന്നയിക്കപ്പെട്ടതിന്റേയും അതു
പോരാട്ടത്തിലൂടെ നേടിയെടുത്തതിന്റേയും കഥ കൂടിയുണ്ട്
പുരാണത്തിൽ.അശ്വിനീദേവന്മാർക്ക് ദേവേന്ദ്രൻ മദ്യപാനം വിലക്കിയത്രേ.ച്യവനമഹർഷിയുടെ
സഹായത്തോടെ ഇന്ദ്രനെ തോല്പിച്ചാൺ അശ്വിനീദേവന്മാർ ആ അവകാശം വീണ്ടെടുത്തത്.ബലരാമൻ
നല്ലൊരു അധ്വാനി(കൃഷിക്കാരൻ)മാത്രമല്ല മദ്യപാനിയും ആയിരുന്നെന്ന് നമുക്കറിയാം.അതിരുകവിഞ്ഞ
മദ്യപാനംയദുവംശത്തിന്റെനാശത്തിനുകാരണമായെന്ന്ഭാഗവതത്തിലുണ്ട്.സപ്തമാതൃക്കൾക്കുംശക്തിദേവന്മാർക്കുംപൂജയിൽമദ്യംപ്രധാനമാണ്.ലക്ഷ്മി,സരസ്വതി,ഗൌരി,ചണ്ഡിക,ത്രിപുരാംബിക,ഭൈരവൻ,ഭൈരവി,കാളി,മഹാശാസ്താവ്
എന്നിവരെ പ്രീതിപെടുത്തേണ്ടതു മദ്യത്തിലൂടെയാണ്.
9000 വർഷങ്ങൾക്കു മുമ്പുതന്നെ ചൈനക്കാർ നെല്ലും തേനും
പഴങ്ങളും പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നു.ദീപനവും രുചിയും നൽകുന്നതുംതീക്ഷ്ണമായ
ഉഷ്ണവീര്യമുള്ളതും മനസ്സിനു സന്തോഷവും ദേഹത്തിനു പുഷ്ടിയും ഉണ്ടാക്കുന്നതുമായ ഒരു
പാനീയം എന്ന് ആയുർവേദം മദ്യത്തെ നിർവചിക്കുന്നു.
രുച്യം പ്രസന്നം സുരഭി
മദ്യം സേവ്യം മദാവഹം
(രുചിപ്രദവും നിർമ്മലവും സുഗന്ധിയും സന്തോഷപ്രദമായ
ലഹരി ഉണ്ടാക്കുന്നതുമായമദ്യം എപ്പോഴും സേവിക്കാൻ നല്ലതാകുന്നു)എന്ന്
അഷ്ടാംഗഹൃദയത്തിൽ.
ആൽക്കഹോൾ കലർന്ന പാനീയമാണ് മദ്യം.മനസ്സിന്റെ
പ്രവർത്തനങളെ മന്ദീഭവിപ്പിക്കാനുള്ള ശേഷി ആൽക്കഹോളിനുണ്ട്.കള്ളും ചാരായവുമാണ്
നമ്മുടെ നാടൻ മദ്യങ്ങൾ.ബിയർ,വൈൻ(വീഞ്ഞ്),സ്പിരിറ്റ് എന്നിങ്ങനെ
മൂന്നുവിഭാഗത്തിലുള്ള വിദേശമദ്യങ്ങളുമുണ്ട്.കള്ളിലും ചാരായത്തിലും വ്യത്യസ്ത
അളവിലാണ് ആൽക്കഹോൾ അടങ്ങിയിരിക്കുന്നത്.തെങ്ങിന്റേയും പനയുടേയും പൂങ്കുലയിൽ
നിന്നൂറിവരുന്ന നീരു പുളിപ്പിച്ചാണ് കള്ളുണ്ടാക്കുന്നത്.പൂങ്കുലയിൽ നിന്നൂറുന്ന
മധുരമുള്ളതും ആൽക്കഹോളില്ലാത്തതുമായ നീരാണ് മധുരക്കള്ള്.ഇതിനുനീരഎന്നുംപറയും.മധുരക്കള്ളുംഅന്തിക്കള്ളുംനല്ലലഘുപാനീയങ്ങളാണ്.ആരൊഗ്യത്തിനായി
കുഞ്ഞുങ്ങൾക്കുപോലും കൊടുക്കാവുന്ന ഔഷധഗുണം ഇതിനുണ്ട്.
രാവിലത്തെ ചായ/കാപ്പി കുടിയോടെയാണ് മലയാളിയുടെ
ലഹരിദിനം ആരംഭിക്കുന്നത്.പ്രഭാതകൃത്യങ്ങൾ അതിനുശേഷമേ നടക്കൂ എന്ന
അവസ്ഥയുമുണ്ട്.ചിലർക്കതും പോര.രണ്ടു പുകയെടുക്കുകയോ മുറുക്കാൻ ചവക്കുകയോ കൂടി
വേണം.രാവിലത്തെ ചായ കിട്ടിയില്ലെങ്കിൽ ചെറിയ തലവേദനയും മനം പിരട്ടലുമൂണ്ടാകുമെന്ന്
വീട്ടമ്മമാർക്കുമറിയാംശാരീരികാധ്വാനം ചെയ്യുന്ന ഗ്രാമീണർക്കിടയിലാണ് ബീഡിവലിയും
വെറ്റിലമുറുക്കും ശീലമായി നിലനിൽക്കുന്നത്.പുകയില ഉൽപന്നത്തിന്റെ നാടൻ
പതിപ്പുകളാണ് ബീഡിയും മുറുക്കാനും.നൂറുകണക്കിനു ഗ്രാമീണർക്ക്
ഉപജീവനമാർഗ്ഗമായിരുന്നു ബീഡിതെറുപ്പ്.കുടിൽ വ്യവസായമായി ബീഡിതെറുപ്പ് നാട്ടിൻപുറങ്ങളിൽ
പണ്ടുണ്ടായിരുന്നു.പേരെടുത്ത ബ്രാൻഡുകളും അക്കൂട്ടത്തിലുണ്ട്.പാലക്കാടുജില്ലയിലെ
മുന്നൂർക്കോട് ഗ്രാമത്തിലാണ് ഉഷാർ ബീഡിയുടെ കേന്ദ്രം.ദിനേശ് ബീഡിയും സാധുബീഡിയും
കേരളത്തിലാകെ പ്രസിദ്ധമാണ്.
പാടത്തും പറമ്പിലും
പണിയെടുക്കുന്നവർ,കല്ലുവെട്ടുന്നവർ,കല്ലുടക്കുന്നവർ,മരം വെട്ടുകാർ മറ്റു തരം
കൂലിപ്പണിക്കാർ എന്നിവരാണ് വിലകുറഞ്ഞ ഇത്തരം പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്.വൈകീട്ടുള്ള
കള്ളുകുടിയാണ് ഇവരുടെ മറ്റൊരു ലഹരി.ബീഡിവലിച്ചും വെറ്റിലമുറുക്കിയും
വിശപ്പിനെപ്പോലും അവഗണിച്ചുവിടുന്ന ഇവരിലാണ് ഏറ്റവുമെളുപ്പത്തിൽ ആരോഗ്യപ്രശ്നങ്ങൾ
ഉണ്ടാകുന്നത്.പുകയില കൂട്ടിയുള്ള വെറ്റില മുറുക്കിൽ പുരുഷന്മാരേക്കാൾ പ്രാഗൽഭ്യം
സ്ത്രീകൾക്കാണ്.ഉദ്യോഗസ്തരും സാമ്പത്തികശേഷി കൂടിയവരും സിഗററ്റ് വലിയിലാണ്
അന്തസ്സു കാണുന്നത്.രുചിവ്യതാസമുള്ള പലതരം ബ്രാൻഡുകൾ
ഇവരുപയോഗിക്കുന്നു.ജോലിക്കിടയിലെ ഒന്നോരണ്ടോ മണിക്കൂർ ഇടവേളകളെ ചിലർ
പുകച്ചുകളയുമ്പോൾ ചിലർക്ക് ഇടവേളകൾ നന്നേ കുറവാണ്.ദിവസത്തിൽ ഒന്നോ രണ്ടോ പായ്ക്കറ്റ്
സിഗററ്റ്,നാലോ അഞ്ചോ ചായ എന്ന കണക്കിൽ ചിലർ അവസാനിപ്പിക്കും.
ഇന്ന് കൌമാരക്കാരെ ആകർഷിക്കുന്നത് പാൻ
മസാലകളാണ്.ഉത്തരേന്ത്യൻ പാൻ മസാലകൾ കേരളത്തിലെത്തിയിട്ട്
അധികകാലമായിട്ടില്ലകുറ്റിബീഡി രഹസ്യമായി പെറുക്കിവലിക്കുന്നതായിരുന്നു ലഹരിയോടുള്ള
കൌമാരരതിയുടെ ആദ്യകാലാവിഷ്കാരം.മുതിർന്ന വ്യക്തിയാവാനുള്ള ആഗ്രഹചിന്തയും
മുതിർന്നതിന്റെ ലക്ഷണവുമായിരുന്നു ബീഡിവലി.ഹാൻസ്,പാൻപരാഗ്,ശംഭു എന്നിങ്ങനെ
പലപേരുകളിലറിയപ്പെടുന്ന പാൻ മസാലകളുണ്ട്.എരിവും പുളിപ്പും കലർത്തി രുചിവരുത്തിയ
പാൻമസാലകൾ ചുണ്ടിനടിയിൽ തിരുകി ക്ലാസിലിരിക്കുന്ന വിദ്യാർത്ഥികൾ അപൂർവമല്ല.
വീടായാൽ ഫ്രിഡ്ജു വേണം..ഫ്രിഡ്ജിനുള്ളിൽ കുപ്പിവേണം
എന്ന മട്ടിൽ പരുവപ്പെട്ടിരിക്കുന്നു കേരളീയ ഗൃഹങ്ങൾ.വീട്ടിൽ തന്നെ മദ്യം
സ്റ്റോക്കു ചെയ്ത് അല്പാല്പമായി സേവിക്കുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്.ഭൂരിപക്ഷം
ബുദ്ധിജീവികളും കലാകാരന്മാരും മദ്യത്തെ ഒരവശ്യവസ്തുവായി ഉപയോഗിച്ചുപോരുന്നു.വിവാഹത്തലേന്ന്
മദ്യസൽക്കാരം പ്രധാന ഇനമായിട്ടുണ്ട്.മദ്യസൽക്കാരത്തിലെ മികവാണ് വിവാഹത്തിന്റെ
അന്തസ്സായി മാറുന്നത്.മദ്യമില്ലെങ്കിൽ മരണാനന്തരച്ചടങ്ങിനുപോലും ആളുകൂടില്ലെന്ന്
പത്തിരിപ്പാലയിലെ കൂലിപ്പണിക്കാരനായ ഗംഗാധരൻ പറയുന്നു.
മാർച്ച്,ഏപ്രിൽ,മേയ് മാസങ്ങളിലെ തിളക്കുന്ന വേനലിലാണ്
കേരളത്തിലെ ഉത്സവങ്ങളും വേലപൂരങ്ങളും കൊടിയേറുക.വേനൽച്ചൂടിനെ നിഷ്പ്രഭമാക്കുന്നത്
ഉത്സവലഹരി മാത്രമല്ല മദ്യലഹരി കൂടിയാണ്.ഓണം,വിഷു കൃസ്തുമസ്,തെരഞ്ഞെടുപ്പ് തുടങ്ങിയ
വിശേഷ ദിവസങ്ങളിൽ കേരളീയപുരുഷൻ കുടിക്കുന്ന മദ്യത്തിന്റെ കണക്ക് ആവേശപൂർവമാണ്
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മാധ്യമങ്ങളും മലയാളികളും ഒരുമിച്ച് ആവേശം
കൊള്ളുന്ന അപൂർവ സന്ദർഭങ്ങളാണിവ.ജില്ലതിരിച്ചും വാർഡുതിരിച്ചും ദേശം തിരിച്ചുമുള്ള
കണക്കുകൾ റെക്കോഡു തിരുത്താനുള്ള മത്സരമായും അഭിമാനപ്രശ്നമായും
മാറിത്തുടങ്ങിയിരിക്കുന്നു.
ലഹരിയിടങ്ങളെല്ലാം പുരുഷന്റേതാണ്.മദ്യപിക്കുകയോ പുകവലിക്കുകയോ
ചെയ്യുന്ന സ്ത്രീ ഒരസ്വാഭാവികതയാണ് കേരളത്തിൽ.ക്ലബ്ബുകളിലും ബാറുകളിലും
സൽക്കാരങ്ങളിലും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന സ്ത്രീപുരുഷസമത്വം മലയാളീപുരുഷന്
സങ്കല്പിക്കാനാവില്ല.മലയാളിസ്ത്രീ ബീവറേജസിലെ തിരക്കിൽ ക്യൂ നിൽക്കുന്നില്ല.(റേഷൻകടയിലോ
മാവേലിസ്റ്റോറിലോ അവൾ മാത്രമാകും ക്യൂവിൽ)ബാറിലെ ഇരുണ്ടവെളിച്ചത്തിന്റെ അബോധത്തിൽ
സ്വകാര്യപ്രശ്നങ്ങളോ ലോകപ്രശ്നങ്ങളോ ചർച്ചചെയ്യുന്ന കൂട്ട്ത്തിലുമില്ല.
ലഹരിയുടെ അമിത ഉപഭോഗം കേരളത്തിലെ
സമീപകാലയാഥാർത്ഥ്യമാണ്.സാഹിത്യത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നിരുന്നു അത്
ഒരു കാലത്ത്.രതിയുടേയും ലഹരിയുടേയും ധാരാളിത്തം ആധുനിക സാഹിത്യത്തിലാണ് ആദ്യം
നിറഞ്ഞത്.വ്യക്തിപരമായ അരാജകത്വങ്ങളെ രതിയിലും ലഹരിയിലും ആറാടിക്കാൻ എഴുത്തുകാരും
അവരുടെ കഥാപാത്രങ്ങളും മത്സരിച്ചു.പാലക്കാടൻ കള്ളിലും വാറ്റുചാരായത്തിലുംമോക്ഷമാരാഞ്ഞുഖസാക്കിന്റെഇതിഹാസത്തിലെഅഭ്യസ്തവിദ്യനുംഅസ്തിത്വാന്വേഷിയുമായനായകൻ.ലഹരിയെജനപ്രിയമാക്കുന്നതിൽസിനിമയുംഅതിന്റെപങ്കുവഹിച്ചു.സാമൂഹ്യവിരുദ്ധസംഘങ്ങളും
മാഫിയാകളും മദ്യചഷകത്തിൽ നിന്നുയർന്നുവന്നു.വീരശൂരപരാക്രമിയായ നായകനും
താമസമൂർത്തിയായ പ്രതിനായകനും ശക്തിപകർന്നത് മദ്യം തന്നെയായി.
കളങ്കരഹിതരായ മനുഷ്യരായാണ് നാടൻ മദ്യപാനികളെ
സിനിമയിലും ആൽബങ്ങളിലും മിമിക്രിഷോകളിലും അവതരിപ്പിക്കാറുള്ളത്.മദ്യപാനിയുടെ
അബദ്ധങ്ങളും ലോകവീക്ഷണങ്ങളും സരസമായി തുറന്നുകാട്ടുന്നു.ഉള്ളവൻ
ഇല്ലാത്തവൻ,ഉയർന്നവൻ താഴ്ന്നവൻ എന്നീ ഭേദങ്ങളെ മറികടക്കാനും
അല്പനേരത്തേക്കെങ്കിലുംഅധികാരബന്ധങ്ങളെ അപ്രസക്തമാക്കാനുമായാണ് സാധാരണക്കാരന്റെ
മദ്യപാനം എന്നു വ്യക്തം.അഹംബോധത്തെ തളർത്താനോ വളർത്താനോ മദ്യം
സഹായിക്കും.വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിലെ തൊഴിലാളി ജന്മിയെ തെറിപറയാൻ കരുത്തു
നേടുന്നത് കള്ളുകുടിച്ചിട്ടാണ്.
നാടൻ കള്ളിന്റെ നിർവ്യാജലഹരിയെ ചങ്ങമ്പുഴ ഇപ്രകാരം
വാഴ്ത്തി.
വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാം
നല്ലിളംകള്ളു ചില്ലിൻ-
വെള്ളഗ്ലാസിൽ പകർന്നങ്ങനെ രുചി-
കരമാം മത്സ്യമാംസാദികൂട്ടി
ചെല്ലും തോതിൽ ചെലുത്തി കളിചിരികൾ
തമാശൊത്തു മേളിപ്പതേക്കാൾ
സ്വർലോകത്തും ലഭിക്കില്ലുപരിയൊരു
സുഖം പോക വേദാന്തമേ നീ.
കള്ളുചെത്തു കുലത്തൊഴിലാക്കിയ ഒരു സമൂഹം കേരളത്തിലെ
ഈഴവരാണ്.ആസന്നമായ മറ്റൊരു യദുകുലനാശംമുന്നിൽകണ്ടായിരിക്കണംമദ്യംവർജ്ജിക്കാൻശ്രീനാരായണഗുരുഅവരോടാവശ്യപ്പെട്ടത്.എങ്കിലും
നല്ല കള്ളും ആരോഗ്യകരമായ ലഹരിയും ഒരു കാലത്തു കേരളത്തിനുണ്ടായിരുന്നെന്നു
ന്യായമായും കരുതാം.കള്ളൂകുടിക്കുന്നതിൽ സ്ത്രീപുരുഷ വിവേചനം അടിയാള
വിഭാഗത്തിലില്ലായിരുന്നെന്നാണ് ചരിത്രം.അന്തിയോളം പണിചെയ്ത് കെട്ടിയോനും
കെട്ടിയോളും ഒന്നിച്ചു കള്ളുകുടിച്ചാണ് പൊരയിൽ പോയിരുന്നതെന്ന് പഴമക്കാർ പറയും.
കാലം മാറിയപ്പോൾ നാടനു പകരം വിദേശികളെത്തുകയും
കള്ളുഷാപ്പുകളെ നാണിപ്പിച്ചു പഞ്ചനക്ഷത്രബാറുകൾ പ്രൌഡി കാണിക്കുകയും
ചെയ്തു.മദ്യപാനികളിൽ അന്തസ്സുള്ളവരും ഇല്ലാത്തവരുമെന്ന വിഭജനമുണ്ടായി.ഉന്നതന്മാരും
വിദ്യാസമ്പന്നരും ബാറിൽ കയറി അന്തസ്സോടെ മദ്യപിച്ചു.കള്ളും കള്ളുകുടിയനും
അധഃകൃതരായി.ഡിവിഷൻ ഫാളുവന്ന് കള്ളുഷാപ്പുകൾ പലതും മോക്ഷം പ്രാപിച്ചു.ബാറുകൾ
പുരുഷന്റെ കുത്തകയായി.കള്ളിനു വീര്യം പോരെന്ന വെളിപാടുമായി കള്ളുഷാപ്പുകൾ
പുനരുദ്ധരിക്കാൻ നടപടികൾ വന്നു.വീര്യം കൂടിയ കള്ളു തയ്യാർ ചെയ്തു രസ്യംചെയ്തു.സർക്കാർ
സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസു തുടങ്ങിയതു പോലൊരു തന്ത്രം.ദേശസ്നേഹികൾ
ആനമയക്കിയിലാകൃഷ്ടരായി കള്ളുഷാപ്പുകൾ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു ഇപ്പോഴും.
പലതരത്തിലുള്ള ലഹരിക്കൂട്ടായ്മകൾ ഇന്ന് നാട്ടിൽ
നിലനിൽക്കുന്നു.വിവിധ സാമൂഹിക സാമ്പത്തിക ശ്രേണിയിലുള്ളവർ ഇതിൽപെടും.ഉയർന്ന
സാമ്പത്തിക ശ്രേണിയിലുള്ളവർക്കും താഴ്ന്ന ശ്രേണിയിലുള്ളവർക്കുംഇടത്തട്ടുകാർക്കുംഅവരവരുടെകൂട്ടായ്മകളുണ്ട്.ഉദ്യോഗസ്ഥന്മാർ,ബിസിനസ്സുകാർ,കൂലിപ്പണിക്കാർ,അധ്യാപകർ,വിദ്യാർത്ഥികൾ,
ഡോക്ടർമാർ,എൻജിനീയർമാർ,വക്കീലന്മാർ എന്നിങ്ങനെ തൊഴിലിനും അന്തസ്സിനുമനുസരിച്ച്
ഉണ്ടാക്കിയെടുക്കുന്ന കൂട്ടായ്മകൾ നിലനിൽക്കുന്നു.ഇത്തരം ശ്രേണീബന്ധങ്ങളെ അപ്രസക്തമാക്കുന്നരീതിയിലുംകൂട്ടായ്മകളുണ്ടാക്കാൻമദ്യത്തിനു
കഴിയുന്നുവെന്നതാണു യാഥാർത്ഥ്യം.യജമാനനും വാലിയക്കാരനും ഒന്നിച്ചിരുന്നു
മദ്യപിക്കുന്നത് സഹിത്യത്തിലും സിനിമയിലും മാത്രമല്ലെന്നർത്ഥം.കളുഷാപ്പിലാണ്/ബാറിലാണ്
യഥാർത്ഥ സോഷ്യലിസം എന്ന ചൊല്ല് മദ്യപർക്കിടയിലുള്ളത് അതുകൊണ്ടാണ്
വിശേഷാവസരങ്ങളിൽ കുടുംബങ്ങൾ കൂടിയിരുന്നു
മദ്യപിക്കുന്നത് കേരളത്തിൽ സാധാരണമായിട്ടുണ്ട്.ചടങ്ങുകൾ പൊലിപ്പിക്കാൻ ഉത്സവങ്ങൾ
കൊഴുപ്പിക്കാൻ ലഹരിയില്ലാതെ
പറ്റില്ലെന്നായിരിക്കുന്നു.ജനനം,മരണം,പിറന്നാൾ,അടിയന്തിരം,വിവാഹം എന്നുവേണ്ട എല്ലാ
ഒത്തുചേരലുകളും വേർപെടലുകളും ലഹരിയായി മാറുന്നു.സുഖവും ദുഃഖവും സൌഹൃദങ്ങളും
പങ്കുവക്കാനുള്ള മാധ്യമമാകുന്നുലഹരി.തീരുമാനങ്ങളെടുക്കുന്നതിന്,നടപ്പാക്കുന്നതിന്,കുറ്റസമ്മതംനടത്തുന്നതിന്,പരിശുദ്ധരാകുന്നതിന്
സാക്ഷിയും പങ്കാളിയുമാണ് ലഹരി.
സംസ്കാരവും സഹജവാസനയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ
സംഘർഷത്തിൽ നിന്നാണ് സമൂഹത്തിൽ ഒരു
വിഭാഗംഫോൿലോറുകൾരൂപപ്പെടുന്നത്.സംഘർഷലഘൂകരണംസാധ്യമാകുന്നത്വിനോദങ്ങളിലൂടെയാകാം.സംഘർഷലഘൂകരണത്തിന്ആധുനികകേരളീയസമൂഹംകണ്ടെത്തിയവിനോദോപാധികളിൽസർവപ്രധാനമായിരിക്കുന്നത്
ലഹരിയുടെഉപയോഗമാണ്.അതിൽ വലിയസ്ഥാനമാണ് മദ്യപാനത്തിനുള്ളത്.
സമ്പൂർണസാക്ഷരതമാത്രമല്ല ഉന്നതവിദ്യാഭ്യാസവും ഉയർന്ന
ജീവിതനിലവാരവും കേരളത്തെ സമാനതകളില്ലാത്തസമൂഹമാക്കുന്നുണ്ട്.അടിമ/ഉടമ,മേൽ/കീഴ്ബന്ധങ്ങളെജനാധിപത്യവൽക്കരിച്ചുകൊണ്ടേയിരിക്കുന്ന
ചലനാത്മകതയും അതിനുണ്ട്.എല്ലാവിഭാഗം ജനങ്ങളേയും കേവലം പറ്റങ്ങളെന്ന നിലയിൽനിന്ന്
മോചിപ്പിക്കുകയും വ്യക്തിത്വവും അവകാശബോധവുമുള്ളവരാക്കിത്തീർക്കുകയും
ചെയ്തിട്ടുണ്ട് ഇവിടുത്തെ നവോത്ഥാനപരിശ്രമങ്ങൾ.
വ്യക്തികളെന്നനിലക്കുംസമൂഹമെന്നനിലക്കുംഉയർന്നുവന്നപുതിയവലിയആവശ്യങ്ങളെ,അഭിരുചികളെ നിവർത്തിക്കാനുള്ള ശേഷിയില്ലായ്മ കേരളസമൂഹത്തെ
പുറകോട്ടടിപ്പിച്ചു.സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായവലിയതിരിച്ചടികളിലൂടെകേരളത്തിനുകടന്നുപോകേണ്ടിവന്നു.വ്യാവസായികവളർച്ചയില്ലാതിരിക്കുകയുംകാർഷികരംഗംതകർച്ചയിലാവുകയുംചെയ്തത്വലിയപ്രതിസന്ധിയായി.സ്വകാര്യവൽക്കരണത്തിലേക്കും
കമ്പോളവൽക്കരണത്തിലേക്കും ജനതയെ നയിക്കാൻ ഭരണകൂടത്തിന് ഇതെളുപ്പവഴിയായി.വിദ്യാഭ്യാസരംഗവുംആരോഗ്യരംഗവുംമറ്റുസേവനമേഖലകളുംവാണിജ്യവൽക്കരിക്കപ്പെട്ടു.സാമൂഹ്യസുരക്ഷ
എന്ന ആശയം പുറന്തള്ളപ്പെട്ടു.പുത്തൻ മൂലധനശക്തികൾ കേരളത്തെ കമ്പോളമാക്കി.ഭൌതികമായ
പളപളപ്പുകൾ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലായി.ഇതുപുരോഗതിയാണെന്നു പ്രചരിപ്പിച്ചവരും
വിശ്വസിച്ചവരും പതുക്കെ മാത്രം യാഥാർത്ഥ്യത്തിലേക്കു വന്നു.
അരാജകത്വവും അരാഷ്ട്രീയവൽക്കരണവും ഇതിനകം
പിടിമുറുക്കിക്കഴിഞ്ഞിരുന്നു.നിലനില്പിനുള്ള എളുപ്പവഴികളിൽ
മനുഷ്യരേർപ്പെടു.ഭക്തിക്കും ലഹരിക്കും വലിയ കമ്പോളങ്ങളുണ്ടായി.ചടങ്ങുകളും
വിശ്വാസങ്ങളും തിരിച്ചുവന്നു.ആരാധനാലയങ്ങൾക്കൊപ്പം കള്ളുഷാപ്പുകളും ബാറുകളും
വർദ്ധിച്ചുമലയാളിയുടെ ആന്തരിക ശൂന്യതയെ പൂരിപ്പിക്കുകയാണ് ലഹരി
ചെയ്യുന്നത്.അപാരമായ മനുഷ്യോർജ്ജത്തെ അതു പ്രവഹിക്കുന്ന ഞരമ്പുകളെ ലഹരി
തളർത്തിക്കിടത്തുന്നു.സർഗ്ഗാത്മകമായ അതിന്റെ വഴികൾ അടഞ്ഞുകിടക്കുന്നതുകൊണ്ടാണ്വിപരീതവഴികളിലൂടെ
സഞ്ചരിക്കാനുള്ള പ്രേരണയുണ്ടാകുന്നത്.
ആധുനികവിദ്യാഭ്യാസം നൽകിയ അന്തസ്സാരശൂന്യമായ
അഹംബോധങ്ങൾ വിദ്യാസമ്പന്നരെ ലഹരിയിലേക്കു പ്രേരിപ്പിക്കുന്നു.കായികാധ്വാനത്തോടു
പുലർത്തുന്ന വിപ്രതിപത്തിയും അന്തസ്സിനെക്കുറിച്ചുള്ള കപടധാരണകളും
വിദ്യാസമ്പന്നന്റെ സംഘർഷങ്ങളായിത്തീരുന്നു.വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമല്ലാത്ത്
സമൂഹത്തെ സൃഷ്ടിച്ചതിന്റെ തിരിച്ചടി കൂടിയാണിത്.പരമ്പരാഗത തൊഴിലുകൾ തകരുകയും പുതിയ
തൊഴിൽമേഖലകൾ തുറന്നുകിട്ടാതിരിക്കുകയും ചെയ്തത് നിരവധി വിഭാഗങ്ങളെ
ജീവിതദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.
കമ്പോളം സൃഷ്ടിച്ച പുതിയ ആസക്തികളിൽ സമൂഹം കുരുങ്ങിപ്പോയതും
കടക്കെണിയിലകപ്പെട്ടതും പുതിയ പ്രതിഭാസമായിരുന്നു.വ്യക്തികൽ കൂടുതൽ
അന്യവൽകൃതരാകുകയും സുരക്ഷിതത്വബോധം നഷ്ടപ്പെടുകയും ചെയ്തത് കേരളീയ സമൂഹത്തിലെ
സംഘർഷങ്ങൾ വർദ്ധിപ്പിച്ച കാര്യങ്ങളാണ്.വീടും കുടുംബബന്ധങ്ങളും
അഭയമല്ലാതായി.സദാചാരത്തിന്റെ പേരിൽ അടക്കിനിർത്തപ്പെട്ട ലൈംഗികത ആഗോള
അഭിരുചികൾക്കൊത്ത് തുറന്നിടപ്പെട്ടു.കുടുംബസങ്കൽപ്പത്തെ പരിപാവനമാക്കി
നിലനിർത്തിക്കൊണ്ട് ലൈംഗികതയെ സ്വതന്ത്രമാകാനുള്ള ശ്രമങ്ങൾ സദാചാരസംഘർഷം
വർദ്ധിപ്പിച്ചു.ടെലിവിഷനും സിനിമയുമടക്കമുള്ള ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിച്ച
ഉപഭോഗതൃഷ്ണ ഉയർന്ന സാമ്പത്തികവിഭാഗങ്ങളെപ്പോലും അശരണരാക്കി.
ഒരുഭാഗത്ത് ലൈംഗികതയുടെ വ്യാപാരത്തിന്
രഹസ്യവിപണികളുണ്ടായി.ലൈംഗികസുഖത്തിനായുള്ള ടൂറിസവും ചികിത്സാകേന്ദ്രങ്ങളുമുണ്ടായി.
ശകലീകരിക്കപ്പെട്ട സമൂഹത്തിൽ അരക്ഷിതാവസ്ഥ
വർദ്ധിക്കുന്ന സമൂഹത്തിൽ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹത്തിലാണ് ലഹരി ഉപയോഗം
കൂടുതലെന്നു കാണാം.മനസ്സിനു സന്തോഷം നൽകുന്നു,മാനസികസംഘർഷങ്ങൽ
ഇല്ലാതാക്കുന്നു,ബന്ധങ്ങൾ എളുപ്പമാക്കിത്തീർക്കുന്നു എന്നിങ്ങനെ ലഹരി
ഉപയോഗിക്കുന്നവരുടെ ന്യായവാദങ്ങൾക്ക് മിനിമം ഗ്യാരണ്ടി ഉറപ്പാക്കുന്നതാണ്
കേരളത്തിലെ സങ്കീർണമായ സാമൂഹികാന്തരീക്ഷം.
മലയാളി സമൂഹത്തിന്റെ സംസ്കാരത്തേയും സംഘർഷങ്ങളേയും
സാധൂകരിക്കുകയും വ്യാജമായി അതിജീവിക്കുകയും ചെയ്യുന്നതിൽ ലഹരി ഉപഭോഗത്തിനു വലിയ
പങ്കുണ്ട്. പ്രശ്നങ്ങളെ പരിഹരിച്ചുവെന്ന വ്യാജതൃപ്തിയിൽ വ്യവസ്ഥയെ
സുരക്ഷിതമാക്കുകയാണ് ഭക്തിയും ലഹരിയും നിർവഹിക്കുന്ന ധർമ്മം.സാംസ്കാരികമൂല്യങ്ങൾക്കെതിരായി
രൂപപ്പെടുമ്പോഴും അതേ മൂല്യങ്ങളെ നിലനിർത്തുന്ന ഫോൿലോറിന്റെ ധർമ്മം
ലഹരിക്കൂട്ടായ്മകൾക്കുമുണ്ട് .ഫോൿലോറുകൾ സേഫ്റ്റിവാൽവു കളായി പ്രവർത്തിക്കുകയും
അധീശപ്രത്യയശാസ്ത്രത്തിനു കീഴ്പെടുകയും ചെയ്യുന്നുണ്ടെന്ന് ലഹരിയുടെ ഫോൿലോർ
വർത്തമാനവും തെളിയിക്കുന്നു.
Posted by
രവി മുന്നൂർക്കോട്
at
ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014
0
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
ലേഖനം
മലയാളിയുടെ ആടുജീവിതങ്ങൾ
മലയാളിയുടെ
ആടുജീവിതങ്ങൾ
മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ
ആടുജീവിതം ബഷീറിന്റേതാണ്.അതാണ് പാത്തുമ്മായുടെ ആട്.അതു മലയാളനാട്ടിലെആടുജീവിതമാണ്.ബെന്യാമിന്റേത്
മരുഭൂമിയിലേതും.മലയാളവായനക്കാരെ ചവിട്ടിയുണർ ത്തിയെന്നതാണ് രണ്ടു കൃതികളും പങ്കിടുന്ന
സമാനത.
ബഷീറിന്റെ ആട് സ്വാതന്ത്ര്യത്തിന്റേയും
അവകാശബോധത്തിന്റേയും പ്രതീകമാണ്.മനുഷ്യനെ പഠിപ്പിക്കുന്ന മൃഗം.അരനൂറ്റാണ്ടിലേറെയായി
മലയാളസാഹിത്യത്തിൽ അതു മേഞ്ഞു നടക്കുകയാണ്.‘കെട്ടിയിടുന്നത് ഇഷ്ടമല്ലാത്ത എന്തും തിന്നുന്ന‘
ആട്.മലയാളിയുടെ സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും ആരോഗ്യരഹസ്യങ്ങളിലൊന്ന് ഈയാടിന്റെ
പാലാണ്.ഈയാടാണ് മലയാളത്തിലെ പിള്ളാരെ ആദ്യം ചവിട്ടിയുണർത്തിയത്.മുറ്റത്തെചപ്പുകൾ വൃത്തിയാക്കിയത്.ഒറ്റനോട്ടത്തിൽ
അതൊരു വലിയ പ്രപഞ്ച രഹസ്യത്തെ ഗർഭം ധരിച്ചിരുന്നുവെന്ന് ആർക്കും മനസ്സിലായിരുന്നില്ല.
സാഹിത്യത്തിലെ മനുഷ്യകേന്ദ്രീകൃതത്വത്തെ തകർത്തത് ഈയാടാണ്.മറ്റേതൊരു നായകനും നായികക്കുമൊപ്പമോ
അതിലപ്പുറമോ ശിരസ്സുയർത്തിയാണ് ഈ മനുഷ്യ്യേതരനായിക വിലസുന്നത്.ഞങ്ങളും കൂടി ഈ ഭൂമിയുടെ
അവകാശികളാണെന്ന പ്രഖ്യാപനം ഇനിയാർക്കും ചെവിക്കൊള്ളാതിരിക്കാനാവില്ല.
ആടുജീവിതത്തിലേക്കുള്ള ക്ഷണമാണ്
ബഷീറിന്റെ കൃതിയെങ്കിൽ അതിൽനിന്നുള്ള പലായനമാണ് ബെന്യാമിന്റെ കൃതി.ബെന്യാമിന്റെ ആടുകൾക്ക്
അറവുമൃഗമെന്നും അടിമത്തമെന്നും മാത്രമേ അർത്ഥമുള്ളൂ.മനുഷ്യനോ മൃഗത്തിനോ അഭികാമ്യമല്ലാത്ത
ഒരവസ്ഥ.അറവുമൃഗമായിത്തീരേണ്ടിവന്ന മനുഷ്യവിധിയും ക്രൂരതയുമാണ് ആടുജീവിതം ആവിഷ്കരിക്കുന്നത്.
ആടിന് ബലിയാടെന്ന അർത്ഥത്തിന്റെ
ദുരന്തഛായ കൂടെയുണ്ട് എപ്പോഴും.പാപപുണ്യങ്ങളുടെ കറുപ്പും വെളുപ്പും അടയാളമായി പേറുന്ന
മൃഗമാണത്.മതപരമായി വിശുദ്ധമെന്നു സ്ഥാപിക്കപ്പെട്ട രക്തസാക്ഷിത്വമാണ് ആടിന്റേത്.മരണത്തിലൂടെ(കൊലചെയ്യെപ്പെടുന്നതിലൂടെ)അമരത്വംനേടലാണ്
രക്തസാക്ഷിത്വം .തനിക്കുവേണ്ടിയല്ലാതുള്ള ജീവൻ ത്യജിക്കൽ.നബി മകനു പകരം ആടിനെയാണ് ദൈവത്തിനു
ബലി നൽകുന്നത്.ബലിയാകലിലെ വഞ്ചന മറച്ചുവക്കപ്പെടുന്നുണ്ട് വിശുദ്ധപദവിയിലൂടെ.ഒന്നിനെ
രക്ഷപ്പെടുത്താൻ മറ്റൊന്നിന്റെ ജീവനെടുക്കുന്ന വഞ്ചന.രക്തസാക്ഷിത്വം അശ്ലീലമാണെന്നതിനു
(ടി.ശ്രീവത്സൻ)വേറെ തെളിവുവേണ്ട.അതുകൊണ്ട് ബലിയാടിന് വഞ്ചിക്കപ്പെട്ട മൃഗമെന്ന ഗൂഡാർത്ഥം
കൂടിയുണ്ട്.ആടുജീവിതം വഞ്ചിക്കപ്പെട്ടവരുടെ ജീവിതമാണ്.വഞ്ചനയെത്തന്നെ പുണ്യമായി കൊണ്ടാടാൻ
വിധിക്കപ്പെട്ടവരുടെ ജീവിതം.അടിച്ചെൽപ്പിക്കപ്പെട്ട പരമ്പരാഗത രൂപകങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞു
സ്വതന്ത്രമാകുന്നു പാത്തുമ്മയുടെ ആട്.അതു മതമില്ലാത്ത ജീവനാകുന്നു.
ആശയ വിനിമയങ്ങൾ അസാധ്യമായ ഒരു
ലോകത്തെ ഒറ്റപ്പെടലാണ് ‘ആടുജീവിതം‘.വിനിമയങ്ങളുടെ സൌന്ദര്യലോകമാണ് പാത്തുമ്മയുടെ ആടിൽ.അവിടെ
എല്ലാവർക്കും അന്യോന്യവിനി മയങ്ങളുണ്ട്.കോഴി,പൂച്ച,ആട്,അണ്ണാൻ,കാക്ക പരുന്ത്,മനുഷ്യർ
അങ്ങനെ ..എല്ലാവർക്കും.സ്നേഹവും പരിഭവങ്ങളും തർക്കങ്ങളും അധികാരങ്ങളും അവർ വിനിമയം
ചെയ്യുന്നു.റിയാദിൽ എത്തിയ നജീബിന് അയാളുടെ അറബാബുമായി ആശയവിനിമയം നടത്താൻ വഴിയില്ലായിരുന്നു.അതയാളുടെ
ജീവിതദുരന്തത്തിന്റെ തുടക്കമാകുകയാണ്.അടിമപ്പണി(ആടുജീവിത)ത്തിലേക്കാണയാൾ എടുത്തെറിയപ്പെടുന്നത്.മറ്റൊരാളുടെ
വിധിയാണ് താനേറ്റെടുക്കുന്നതെന്ന് അവസാനം വരെ അയാളറിഞ്ഞില്ല.
അധികാരത്തിന്റെ ഏകപക്ഷീയമായ വിനിമയങ്ങൾ
മാത്രമേ ആടുജീവിതത്തിലുള്ളൂ.അറബാബിന്റെ അധികാരം മൃഗങ്ങലളെമാത്രമല്ലെ മനുഷ്യനെപ്പൊലും
കൊല്ലാൻ മടിക്കാത്തതാണ്.അവിടെ ചോദ്യങ്ങളില്ല.വിനിമയങ്ങൾ അസാധ്യമാക്കുന്ന അധികാരത്തിന്റെ
സാന്നിധ്യമാണ് അവിടെ.വിനിമയങ്ങളില്ലായ്മ പരമാധികാരത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു.അതിനെയാണ്
വിധിയായി സ്വീകരിക്കേണ്ടി വരുന്നത്.പരമാധികാരത്തെ ശിഥിലമക്കുകായും തങ്ങളുടെ വിധിസ്വയം
തീരുമാനിക്കുകയും ചെയ്യുന്നു പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങൾ.
വ്യക്തിസ്വത്വം നശിക്കുന്ന സന്ദർഭത്തിലാണ്
ആടുകളുമായി നജീബ് അടുപ്പത്തിലാവുന്നത്.മൃഗമായിത്തീർന്നു കൊണ്ട് മൃഗങ്ങളൂമായി സംവദിക്കലാണത്.ആടുകൾക്കയാൾ
സുഹൃത്തുക്കളൂടേയും പരിചയക്കാരുടേയും പേരിടുന്നു.മേരിമൈമുന,പോച്ചക്കാരിരമണി,അറവുറാവുത്തർ,ഇണ്ടിപ്പോക്കർ,ഞണ്ടുരാഘവൻ,പരിപ്പു
വിജയൻ , അമ്മിണി,ചക്കി എന്നിങ്ങനെ.ആടുമായി ശാരീരികബന്ധം പോലും പുലർത്തുന്നുണ്ടയാൾ.
മലയാളം പച്ചയോടെ നിൽക്കുന്നത്
അകലെ ഒരു മരുഭൂമിയുള്ളതുകൊണ്ടുകൂടിയാണ്.മരുഭൂമിയുമായി ബന്ധപ്പെട്ട അപരജീവിതം കൂടിയുണ്ട്
മലയാളിക്ക്.അതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന നമ്മുടെ പൊങ്ങച്ചങ്ങളേക്കാൾ യഥാർത്ഥമായത്.ബഷീറിന്റെ
കേരളീയമായ സ്ഥലകാലങ്ങൾക്കൊപ്പം ബെന്യാമിൻ വരച്ചിടുന്ന മരുഭൂമിയിലെ സ്ഥലകാലങ്ങളും മലയാളി ഹൃദയത്തോടു ചേർക്കുന്നത്
അതുകൊണ്ടാണ്.
ജീവിതത്തിന്റെ പളപളപ്പുകളല്ല അതിന്റെ മറുപുറമാണ്
ബഷീറിനു പ്രമേയമായത്.ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത ഏട് എന്ന എം.പി പോളിന്റെ വിശേഷണം
‘ബാല്യകാലസഖിക്കു മാത്രമല്ല ചേരുക.വക്കിൽ രക്തം പുരണ്ട വാക്കുകൾ കൊണ്ടാണ് മുഴുവൻ കൃതികളുടേയും
വാസ്തുശില്പം.ബഷീറിന്റെ ഈ തുടർച്ച ബെന്യാമിനിലുമുണ്ട്.ഗൾഫ് സ്വപ്നങ്ങളുടെ മറുപുറമാണ്
മറയില്ലാതെ ബെന്യാമിൻ വെളിപ്പെടുത്തുന്നത്.മൂടിവയ്ക്കപ്പെട്ട കെട്ടകാഴ്ചകളെ അനാവൃതമാക്കൽ.ഇതു
ജീവിതമാണെന്നു വിശ്വസിക്കാനുള്ള പ്രയാസമാണ് വയനക്കാരൻ നേരിടുക.ഭാവനയെ വെല്ലുന്ന യഥാർത്ഥ്യങ്ങളുടെ
പ്രഹേളികാസ്വഭാവമാണ് നമ്മുടെ ഉറക്കം കെടുത്തുക.
ബാല്യകാലസഖിയും ശബ്ദങ്ങളും തിന്നുകൊണ്ട്
(ആടിനെ തീറ്റിക്കുന്നു ബഷീർ)എഴുത്തുകാരന്റെ പൊങ്ങച്ചങ്ങളെ തകർത്തത് പാത്തുമ്മയുടെ ആടാണ്.വിശപ്പിനു
പരിഹാരമായി തന്റെ കൃതികൾ തിന്നാൻ കൊടുത്ത എഴുത്തുകാരനാണു ബഷീർ.വിറ്റു കാശാക്കുവാൻ അനിയനും
കൊടുക്കുന്നുണ്ട്. എഴുത്തിന്റെ ഭൌതികമൂല്യത്തെയും ബഷീർ വിലമതിച്ചിട്ടുണ്ട് എന്നർത്ഥം.വിശപ്പണ്
എഴുത്തുകാരന്റെ മുന്നിലെ വലിയ പ്രശ്നമെന്നു ഊന്നിപറഞ്ഞ പുരോഗമനസാഹിത്യനിലപാടിനും മുന്നേപോയി
ബഷീർ.വിശപ്പും അടിമത്തവും പഴഞ്ചൻ വിഷയങ്ങളായെന്ന പൊങ്ങച്ചത്തെ തകർക്കുകയാണ് ബെന്യാമിന്റെ
ആടുജീവിതം.പലരും കണ്ടില്ലെന്നു നടിച്ചതോ പറയാൻ മടിച്ചതോ ആയ പ്രശ്നങ്ങളെ അതു മുഖാമുഖം
നിർത്തുന്നു.
എഴുത്തുകാരന്റെ ദന്തഗോപുരങ്ങൾ
മലയാളത്തിൽ വിലപ്പോകാത്തതിനുവലിയൊരു കാരണക്കാരൻ ബഷീറാണ്.ഭാഷക്കു ജീവിതവുമായുള്ള ബന്ധം
അറിയാതെ പറയുന്നവരേയും എഴുതുന്നവരേയും തവികൊണ്ടു തല്ലണം എന്നു തന്നെ ബഷീർ വിശ്വസിച്ചിരുന്നു.അബ്ദുൾ
ഖാദറിന്റെ വ്യാകരണപാണ്ഡിത്യത്തിനുള്ള മറുപടിയിലൂടെ എഴുത്തിനെക്കുറിച്ചുള്ള വലിയൊരു
പ്രഖ്യാപനമാണ് ബഷീർ നടത്തുന്നത്.ഉമ്മയെ മാതാവേ എന്നു വിളിച്ചപ്പോൾ അക്ഷ്രാഭ്യാസമില്ലാത്ത
ഉമ്മ തവികൊണ്ടു തലക്കു കിഴുക്കുന്നുണ്ട് ഖാദറിനെ.ബാപ്പയെ പിതാവേ എന്നു വിളിച്ചപ്പോൾ
ഒന്നുകൂടി കൊടുക്കുന്നു.ജീവിതസന്ദർഭങ്ങളാണ് ഭാഷയുടെ ഔചിത്യത്തെ നിർണയിക്കുന്നതെന്ന്
നിരക്ഷരയായ ഉമ്മക്കുപോലുമറിയാം.അതുകൊണ്ടാണ് അവർ തവി കൊണ്ടു പ്രതികരിക്കുന്നത്.ബഷീറിന്റെ
ഭാഷാപ്രയോഗത്തിന്റെ ഔചിത്യബോധം ജീവിതത്തെ നേരിട്ടറിഞ്ഞതിന്റെ ഔചിത്യബോധമാണ്.
കൃതി വായനക്കാരുമായി എങ്ങനെ ഇടപെടാണം എന്നകാര്യത്തിലും
ബഷീറിനു നിർബന്ധനിലപാടുകളുണ്ട്.വർത്തമാനം പറയുന്നതുപോലെ എഴുതണം എന്ന നിബന്ധം.വർത്തമാനം
പറായുമ്പോൾ പറയുന്നയാളും കേൾക്കുന്നയാളും തമ്മിൽ അടുപ്പത്തിലാവുന്നുണ്ട്.വർത്ത്മാനം
പറച്ചിലിൽ സംഭാഷണത്തിന്റെ സാധ്യതയാണുള്ളത്.കൃതിയും വായനക്കാരുമായുള്ള സൌഹൃദസംഭാഷണമാണത്.
ആടുജീവിതത്തിന്റെ എഴുത്തിലെ ഏറ്റവും
വലിയ വെല്ലുവിളി അതിന്റെ ഭാഷയായിരുന്നെന്ന് ബെന്യാമിൻ പറയുന്നുണ്ട്.എഴുത്തു പൊതുസമൂഹത്തിലേക്ക്
ഇറങ്ങിച്ചെല്ലണമെന്നും അതിനെ അഡ്രസു ചെയ്യണമെന്നുമുള്ള നിലപാടാണ് ആടുജീവിതത്തിലെ ഭാഷ
രൂപപ്പെടുത്തിയത്.ഒട്ടും സാഹിത്യസ്നേഹി അല്ലാത്ത ഒരാളെപ്പോലും കൃതിയിലേക്ക് കൊണ്ടുവരാനുള്ള
മനപ്പൂർവമായ ശ്രമം. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കു മ്പോഴാണ്‘സാഹിത്യം സ്ഥിരമായി
ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളുടെ നിർവചനങ്ങൾക്കും അതിർവരമ്പുകൾക്കും അപ്പുറത്തുള്ള ഭാഷ
‘സൃഷ്ടിക്കപ്പെടുക.
‘പാത്തുമ്മയുടെ ആട് പ്രസവിച്ചത്
ശൊങ്കനായ ഒരു കുട്ടിയേയാണ്.അതീ പ്രപഞ്ചത്തെ നോക്കി മന്ദഹസിച്ചങ്ങനെ കിടക്കുകയാണ്‘.പ്രപഞ്ചത്തെയാകെ
നോക്കുന്ന വിശാലമായ കാഴ്ചയാണീ കുട്ടിക്ക്.അതിനു മന്ദഹസിക്കാൻ കഴിയുന്നത് മറ്റാർക്കും
എളുപ്പം ഉൾക്കൊള്ളാനാവാത്ത ഒരു വീക്ഷണരഹസ്യം ഉള്ളതുകൊണ്ടാണ്.പാത്തുമ്മയുടെആട്നമുക്കു
തന്നത് ഇത്തരം കുട്ടികളേയാണ്..പ്രപഞ്ചവീക്ഷണത്തേയാണ്. അതിരുകൾ മുറിച്ചുകടക്കുന്ന നോട്ടങ്ങളിലേക്ക്
മലയാളി ഉണർന്നത് അതോടെയാണ്.പാത്തുമ്മയുടെ ആടിന്റെ കുട്ടിതന്നെയാണ് ബെന്യാമിൻ. സ്വാതന്ത്ര്യത്തിന്റെ
ഒരാടുജീവിതം മലയാളി നേരത്തേ അനുഭവിച്ചതുകൊണ്ടാണ് അടിമത്തത്തിന്റെ ആടുജീവിതം അവനെ/അവളെ
കൂടുതൽ പൊള്ളിക്കുന്നത്.
Posted by
രവി മുന്നൂർക്കോട്
at
ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014
0
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
ലേഖനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
