പിച്ചാത്തി

ശനിയാഴ്‌ച, ഡിസംബർ 03, 2011

കാക്കനാടൻ



വന്യപ്രതിഭകളുടെസാഹസികമനോസഞ്ചാരങ്ങളെഅരാജകത്വമെന്നോ സാമൂഹികവിരുദ്ധതയെന്നോ മുദ്രകുത്തി കല്ലെറിയുന്നതാണ് സാമാന്യരീതിയും എളുപ്പവും.കാക്കനാടനെപ്പോലുള്ളവരെ വിലയിരുത്തുമ്പോൾ മലയാളത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്.വ്യക്തിപ്രഭാവത്തെ മഹത്വപ്പെടുത്തുകയും ആത്മബോധമാക്കുകയും ചെയ്തവരുടെ പരമ്പരയിലാണ് കാക്കനാടനും ഉൾപ്പെടുന്നത് എന്നതിൽ തർക്കമില്ല.മല്ലയാളസാഹിത്യത്തിലെ ആധുനികത സാമൂഹികതയെ നിഷേധിച്ചുകൊണ്ടുള്ള വ്യക്തിവൈഭവങ്ങളുടെ അരാജകമാ‍യ ആഘോഷങ്ങളായാണ് രൂപപ്പെട്ടതും.കാക്കനാടൻ അതിന്റെ ആചാര്യസ്ഥാനീയനായത് യാദൃശ്ഛികവുമല്ല.

രാഷ്ട്രീയസാമൂഹികപ്രസ്ഥാ‍നങ്ങൾ തന്നെ ശവംനാറിക്കുളങ്ങളാകുമ്പോൾ അരാജകവാദികളായ ഒറ്റയാൻ‌മാരുടെ കലാപങ്ങൾക്ക് വിപ്ലവത്തിന്റെ സൌന്ദര്യം കൈവരുന്നുണ്ട്.ആ അർത്ഥത്തിൽ ‘യാഥാസ്ഥിതികമായ സാമൂഹികബോധ‘ത്തെ നിഷേധിക്കുന്നത് പുരോഗമനപരം പോലുമാകുന്നു.കാക്കനാടനെപ്പോലുള്ള എഴുത്തുകാർ ഇത്തരത്തിലുള്ള ഇളക്കിമറിക്കലിന്റേയും കലാപത്തിന്റേയുംസൌന്ദര്യമൂല്യംഉള്ളവരാണ്.നിശ്ചലമായി നിന്ന കലാസാഹിത്യ സൌന്ദര്യ ധാരണകളെ ഞെട്ടിച്ചുകൊണ്ട് അവരുയർത്തിവിട്ട കൊടുങ്കാറ്റിന് വലിയ പരിവർത്തന ശേഷിയുണ്ടായിരുന്നു.

അപരിചിതമേഖലകളെ പ്രമേയമാക്കുമ്പോഴും അതിനായുള്ള ഭാഷ സൃഷ്ടിക്കുമ്പോഴും ഭാവുകത്വം അലോസരപ്പെടും.രോഗവും ലൈംഗികതയും വൈകൃതങ്ങളും സദാചാ‍രകാപട്യങ്ങളും പച്ചയായി മലയാളത്തിലാവിഷ്കരിക്കപ്പെട്ടു കാക്കനാടനിലൂടെ.‘വസൂരി‘യിൽ രോഗം തന്നെ കഥാപാത്രമാകുന്നു.പ്രസ്ഥാനങ്ങളിലുള്ളവിശ്വാ‍സനഷ്ടം‘ഉഷ്ണമേഖല‘യുടെ പൊള്ളലാകുന്നു.കുടി യേറ്റത്തിന്റെ പ്രതിസന്ധികളുടെ ഭൌതികവും വൈകാരികവുമായ തലങ്ങൾ ‘ഒറോത‘യിൽ അടയാളപ്പെടുത്തുന്നു.

ആഭിചാരപരമായഒരന്തരീക്ഷംഭാഷയിലൂടെകാക്കനാടൻസൃഷ്ടിക്കുന്നുണ്ട്.ഭാഷയെ താന്ത്രികമാക്കുന്ന തിനുദാ‍ഹരണമാണ്‘ ശ്രീചക്രം‘ പോലുള്ള കഥകൾ.
സംഘടിതപ്രസ്ഥാനങ്ങളുമായി സമരസപ്പെടാനാ‍വാത്ത മനോഘടന ചിലരെ ഒറ്റയാൻ‌മാരാക്കുന്നു.എല്ലാത്തരം അധികാരഘടനകളേയും നിരാകരിക്കുന്നതാണ് അവരിലെ വ്യക്തിചേതന.അതിന്റെ നന്മതിന്മകൾ കാക്കനാടന്റെ ജീവിതത്തിലും എഴുത്തിലും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഉയർന്ന ഇടത്തരക്കാരന്റെ ആകുലതകളുമായാണ് കാക്കനാടന്റെ സംവാദം.സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ സങ്കീർണമായ വേവലാതികളെ അത് അസ്തിത്വപ്രശ്നവുമായി കൂട്ടിക്കെട്ടി.ദാർശനികഛായയിലവതരിപ്പിക്കപ്പെട്ട അമൂർത്തതകൾക്ക് സൌന്ദര്യഭാഷ്യം നൽകി.അരാജകപുരുഷന്റെ ആക്രമണോത്സുക നോട്ടങ്ങൾക്ക് ജീവിതത്തെ വിധേയപ്പെടുത്തി.സ്ത്രീയും പ്രകൃതിയും ഭോഗസാധ്യതകളായി പുനരാ‍വിഷ്കരിക്കപ്പെട്ടു.

വ്യക്തികൾ മുമ്പേ നടക്കുകയും പ്രസ്ഥാനങ്ങൾ പിന്നിലാവുകയും ചെയ്യുന്നത് സാഹിത്യചരിത്രത്തിലും അപൂർവമല്ല.ആരേയും കൂടെക്കൂട്ടാനുള്ള ഉത്തരവാദിത്തമില്ലായ്മയാണ് പലപോഴും മുമ്പേ പറക്കുന്നവരുടെ സ്വാതന്ത്ര്യമാകുന്നത്.വഴിവെട്ടിപ്പോകുമ്പോൾ കൊണ്ട കുപ്പിച്ചില്ലിന്റേയും കല്ലേറിന്റേയും വേദനകൾ തങ്ങൾക്കുവേണ്ടിയായിരുന്നെന്ന് ഭാവിയെക്കൊണ്ടു പറയിക്കാനാകുമ്പോൾ അവർ തീർച്ചയായും ആരാധ്യരായിത്തീരും.

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

എ.അയ്യപ്പൻ


അയ്യപ്പന്റെ കാവ്യപ്രപഞ്ചം ഒരിരുണ്ട ഭൂഖണ്ഡമാണ്.പ്രാകൃതികമായ വന്യതയും ഹിംസയും ചതുപ്പും അവിടെയുണ്ട്.അയ്യപ്പന്റെ ഋതു ഗ്രീഷ്മമാണ്.മറ്റെല്ലാ ഋതുക്കളെപ്പറ്റിയും പറയുന്നുണ്ടെങ്കിലും ഗ്രീഷ്മമാണ് യാഥാർത്ഥ്യം.പച്ചയും നീലയും കാടും കാരുണ്യവുമൊക്കെ പ്രതീക്ഷയോ സ്വപ്നമോ ആണ്.ജീവിതത്തെയെന്നപോലെ മരണത്തേയും പലതവണ അഭിസംബോധന ചെയ്തിട്ടുണ്ട്.

കവിതയിലെ ജനകീയതയുടെ വക്താവല്ല. അയ്യപ്പൻ തൊണ്ടയുടേയും കേൾവിയുടേയും കവിയല്ല.കാഴ്ചയുടെ കവിയാണ്.വാക്കുകൾകൊണ്ട് ചിത്രം വരക്കും.നിറം കൊടുക്കും.ചിലത് ബിംബങ്ങൾകൊണ്ടുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങൾ-കൊളാഷ്..

കവിതയിലും ജീവിതത്തിലും അയ്യപ്പന് ഉഭയജീവിതമുണ്ട്.ബോധത്തിന്റെ കരയിലും അബോധത്തിന്റെ കടലിലുമായി.കവിധർമ്മത്തെക്കുറിച്ചും കാവ്യലക്ഷ്യത്തെക്കുറിച്ചും അയ്യപ്പനു നിലപാടുകളുണ്ട്‘.ശരീരം നിറയെ മണ്ണും മണ്ണു നിറയെ രക്തവും രക്തം നിറയെ കവിതകളും കവിത നിറയെ കാൽ‌പ്പാടുകളുമുള്ള‘വനാണ് അയ്യപ്പൻ.അയാൾ കവിതയിൽ കാഞ്ഞിരം വളർത്തുന്നു.

താൻ ബലിയാടുമാത്രമല്ല പ്രവാചകൻ കൂടിയാണെന്നും പറയാൻ അയ്യപ്പൻ മടിച്ചിട്ടില്ല.മോശയെപ്പോലെ ജനങ്ങളെ വചനങ്ങൾക്കൊപ്പം കാതോർത്തുനിർത്താൻ കഴിയണം കവിക്ക് എന്ന പക്ഷമുണ്ട്.കരുത്തുള്ള കവിതക്കുപിന്നാലെ ജനം വരുമെന്ന വിശ്വാസമുണ്ടായിരുന്നു.ചരിത്രത്തിൽ ആനന്ദവും ആവേശവും ആഘോഷവുമായി മാറണം കവിജീവിതം എന്ന പക്ഷക്കാരനായ അയ്യപ്പൻ ആ അർത്ഥത്തിൽ ജീവിതത്തെ ആഘോഷിച്ചിട്ടുണ്ട്.അയ്യപ്പൻ സഹതാപാർഹനല്ല.
  
ജനപ്രിയതയിൽനിന്നും അധികാര രൂപത്തിൽ നിന്നുംഅകന്നുനിൽക്കുന്ന പ്രവണത അയ്യപ്പനിൽ ആദ്യന്തമുണ്ട്. എഴുപതിന്റെ അവസാനം കവിതാരംഗത്ത് ബാലചന്ദ്രൻചുള്ളിക്കാടിനൊപ്പം സജീവമായിരുന്നു.എങ്കിലുംചുള്ളിക്കാടിനൊപ്പംപേരെടുത്തില്ല.കാവ്യരൂപങ്ങളിലും രചനാരീതിയിലുമുള്ള അന്തരമാവാമിതിനുകാരണം.അയ്യപ്പൻകവിയരങ്ങുകളുംസാഹിത്യചർച്ചകളും ബഹിഷ്കരിച്ചു.മുക്തഛന്ദസ്സുകളുടെആകവിബോധപൂർവംതീർത്ത സൌന്ദര്യശാസ്ത്രപ്രതിരോധമാകാമത്. 

സാഹിത്യത്തിലെ ആധുനികതയുടെ അന്തരീക്ഷത്തിലേക്കു പിറന്നുവീണ കവിയാണ് അയ്യപ്പൻ.പ്രത്യക്ഷരാഷ്ട്രീയ പ്രശ്നങ്ങളിലോ സാമൂഹ്യപ്രശ്നങ്ങളിലോ അയ്യപ്പന്റെ പങ്കാളിത്തമില്ല.ആഹ്വാനങ്ങൾക്കും പ്രബോധനങ്ങൾക്കും പകരം മലയാളകവിത അയ്യപ്പനിലൂടെ കുറ്റബോധത്തിന്റേയും ആത്മനിന്ദയുടേയും സ്വരമായി.അപരിചിതമായ ഒരു സൌന്ദര്യബോധത്തിന്റെ സ്രഷ്ടാവെന്ന നിലയിൽ കവിതയിലെ വിപ്ലവകാരിയാണ് അയ്യപ്പൻ.ആധുനികനും ആധുനികോത്തരനുമായി വായിക്കപ്പെടാനുള്ള സാധ്യതകൾ ആ  കവിതകളിൽ വേണ്ടുവോളമുണ്ട്.

മലയാളത്തിലെ മറ്റേതെങ്കിലും കവിജീവിതങ്ങളോടു താരതംയപ്പെടുത്താമെങ്കിൽ ചങ്ങമ്പുഴയോടും കുഞ്ഞിരാമൻ നായരോടും മാത്രമാണ്.രണ്ടുപേരും അരാജകജീവികളായിരുന്നു.രണ്ടുപേരുടേയും കവിതകളുമായി അയ്യപ്പന്റെ കവിതക്കൊരു ബന്ധവുമില്ല.ബിംബങ്ങളുടെ ധാരാളിത്തത്തിന്റെ കാര്യത്തിൽ കുഞ്ഞിരാമൻ നായരെ കവച്ചുവക്കാൻ ശ്രമിക്കുന്നുവെന്നു തോന്നാം.

സിരാരോഗിയായ കവി സിൽ‌വിയാപ്ലാത്തിന്റേയും കിറുക്കനായ ചിത്രകാരൻ വാൻ‌ഗോഗിന്റേയും ആരാധകനായിരുന്നു അയ്യപ്പൻ.കവിതയിലേക്ക് ജൈവപ്രകൃതിയുടെ ആവാസവ്യവസ്ഥ കൊണ്ടുവന്നു.കടും‌നിറങ്ങളോടും കഠിനാനുഭവങ്ങളോടും താല്പര്യം കാട്ടി‘.ഞാൻ ബലിയാടായി തുടരുകതന്നെ ചെയ്യും.മറ്റാരെങ്കിലും അതാകേണ്ടിയിരിക്കെ‘ എന്ന് മരണാനന്തരവും തെളിയിച്ചു!

              

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

മുല്ലനേഴി


മുല്ലനേഴി ഇല്ലായിരുന്നെങ്കിൽ മലയാളത്തിലെ പതിതരായ പാവം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ഭാഷയില്ലാതെ പോകുമായിരുന്നു.ജീവിതത്തിന്റെ കെട്ടുകാ‍ഴ്ചകളിൽ അവർ നഷ്ടപ്പെട്ടുപോകുമായിരുന്നു.ഭാ‍ഷയുടെ നാട്ടുവെളിച്ചം കൊണ്ടാണ് മുല്ലനേഴി എഴുതിയത്.തെളിമലയാളത്തിന്റെഎഴുത്ത്.തോളിൽകയ്യിട്ടുനടക്കുന്ന സൌഹൃദമാണ തിന്റെ സഹജഭാവം.താങ്ങാനും തണലാകാനും കുപിതനാകാനുമുള്ള സന്നദ്ധതയുടെ ഹൃദയവാഗ്ദാനം.

സാധാരണ മനുഷ്യരെയാണ് മുല്ലനേഴി അഭിസംബോധന ചെയ്തത്.മണ്ണും പ്രകൃതിയുമായിനേരിട്ടു ബന്ധപ്പെട്ട മനുഷ്യരെ.മുല്ലനേഴി അവരോടൊപ്പം നിൽക്കുകയും അനുഭവങ്ങൾപങ്കിടുകയുംഅവരുടെകവിയാകുകയുംചെയ്തു.ഊതിവീർപ്പിക്കപ്പെട്ട അസ്തിത്വപ്രശ്നങ്ങളായിരുന്നില്ലഎന്നുംസാധാരണ ക്കാരന്റെഉൽക്കണ്ഠകൾ .അതിജീവനവുമായിബന്ധപ്പെട്ടപ്രാ‍ഥമികപ്രശ്നങ്ങ ളാണ്.അതു കൊണ്ട് മുല്ലനേഴി ഭാഷയിലെ പരീക്ഷണങ്ങളിലേക്കോ കാവ്യരൂപങ്ങളുടെ പരിഷ്കരണങ്ങളിലേക്കോ വിപ്ലവം നയിച്ചില്ല.

സാമൂഹികപ്രതിബദ്ധത പരിഹസിക്കപ്പെടേണ്ട പദമല്ലെന്ന് അദ്ധേഹം നിരന്തരം ഓർമ്മിപ്പിച്ചു. മനുഷ്യത്വത്തെ ഒറ്റിക്കൊടുക്കുന്നവരുടെ ശത്രുപക്ഷത്തുനിന്നു.
സമതലമാണ് മുല്ലനേഴിയുടെനിത്യപ്രമേയം.സമതലംഒരു പ്രത്യയശാസ്ത്രപ്രയോഗമാണ്.ആത്യന്തികമായിഒരു രാഷ്ട്രീയവിവക്ഷയും.കാഴ്ചയിലെ സാമൂഹികതയാണ് സമതലത്തിന്റെ സൌന്ദര്യശാസ്ത്രം.അധികാരബന്ധങ്ങളിലെ നിമ്നോന്നതങ്ങൾക്കെതിരായ നിലപാട്.അതു വർഗ്ഗരാഷ്ട്രീയ നിലപാടായി എഴുത്തിനു കരുത്തുപകരുന്നു.

സമകാലികതയും സാർവകാലികതയും ഒരേയളവിൽ ചേരുന്നുണ്ട് മുല്ലനേഴിയിൽ.സമകാലികതയിൽ നിന്ന് സാർവകാലികതയെ തൊടുന്ന എഴുത്താണത്.മണ്ണിൽ ഉറച്ചുനിന്ന് ആകാശത്തെ തൊടുന്നതാണ് മുല്ലനേഴിയുടെ ജിവിതത്തിന്റേയും കവിതയുടെയും വഴി.എല്ലാമനുഷ്യർക്കും ഒരേ ആകാശം വീണുകിട്ടുന്നതിനെപ്പറ്റിയുള്ള പ്രതീക്ഷകൾ അവയിൽ കാണാം.ഇന്നലെയോളം കണ്ട കിനാവുകൾ ഈ ജന്മം തന്നെ നേടാനുള്ള കുതിപ്പുകളും.

നവോത്ഥാനമൂല്യങ്ങളുടെ ഊർജ്ജമായിരുന്നു മുല്ലനേഴിക്കു പാരമ്പര്യം.പുതിയകാലത്തെ പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം നടന്നു വിയർക്കുമ്പോഴും തളരാതെ കാത്ത ശക്തി.ശാസ്ത്രസാഹിത്യപരിഷത്തുംദേശാഭിമാനി സ്റ്റ്ഡീസർക്കിളും പുരോഗമനകലാസാഹിത്യസംഘവും അദ്ധേഹത്തിനു ജീവിതത്തിലെ വഴിത്താവളങ്ങൾ മാത്രമായിരുന്നില്ല.എടുത്തും കൊടുത്തും വളരാനും വളർത്താനുമുള്ള മഹാപ്രസ്ഥാനങ്ങൾ തന്നെയായിരുന്നു.ഒഴുക്കിനെതിരെ നിന്താൻ പഠിപ്പിക്കുന്ന പരീക്ഷണശാലകൾ.

കവി,ഗാനരചയിതാവ്,നടൻ എന്നിങ്ങനെയെല്ലാം മുല്ലനേഴിയിലെ നാടൻ മനുഷ്യൻ വ്യത്യസ്തരൂപഭാവങ്ങൾകൈക്കൊണ്ടു.കാളിയെപ്പോലുംകളിയാക്കുന്ന ‘നാറാണത്തുപ്രാന്ത ‘നിലേക്കു മുല്ലനേഴിയിൽ നിന്ന് അധികം ദൂരമില്ല..