അയ്യപ്പന്റെ കാവ്യപ്രപഞ്ചം ഒരിരുണ്ട ഭൂഖണ്ഡമാണ്.പ്രാകൃതികമായ വന്യതയും
ഹിംസയും ചതുപ്പും അവിടെയുണ്ട്.അയ്യപ്പന്റെ ഋതു ഗ്രീഷ്മമാണ്.മറ്റെല്ലാ ഋതുക്കളെപ്പറ്റിയും
പറയുന്നുണ്ടെങ്കിലും ഗ്രീഷ്മമാണ് യാഥാർത്ഥ്യം.പച്ചയും നീലയും കാടും കാരുണ്യവുമൊക്കെ
പ്രതീക്ഷയോ സ്വപ്നമോ ആണ്.ജീവിതത്തെയെന്നപോലെ മരണത്തേയും പലതവണ അഭിസംബോധന ചെയ്തിട്ടുണ്ട്.
കവിതയിലെ ജനകീയതയുടെ വക്താവല്ല. അയ്യപ്പൻ തൊണ്ടയുടേയും കേൾവിയുടേയും
കവിയല്ല.കാഴ്ചയുടെ കവിയാണ്.വാക്കുകൾകൊണ്ട് ചിത്രം വരക്കും.നിറം കൊടുക്കും.ചിലത് ബിംബങ്ങൾകൊണ്ടുള്ള
അബ്സ്ട്രാക്റ്റ് ചിത്രങ്ങൾ-കൊളാഷ്..
കവിതയിലും ജീവിതത്തിലും അയ്യപ്പന് ഉഭയജീവിതമുണ്ട്.ബോധത്തിന്റെ കരയിലും
അബോധത്തിന്റെ കടലിലുമായി.കവിധർമ്മത്തെക്കുറിച്ചും കാവ്യലക്ഷ്യത്തെക്കുറിച്ചും അയ്യപ്പനു
നിലപാടുകളുണ്ട്‘.ശരീരം നിറയെ മണ്ണും മണ്ണു നിറയെ രക്തവും രക്തം നിറയെ കവിതകളും കവിത
നിറയെ കാൽപ്പാടുകളുമുള്ള‘വനാണ് അയ്യപ്പൻ.അയാൾ കവിതയിൽ കാഞ്ഞിരം വളർത്തുന്നു.
താൻ ബലിയാടുമാത്രമല്ല പ്രവാചകൻ കൂടിയാണെന്നും പറയാൻ അയ്യപ്പൻ മടിച്ചിട്ടില്ല.മോശയെപ്പോലെ
ജനങ്ങളെ വചനങ്ങൾക്കൊപ്പം കാതോർത്തുനിർത്താൻ കഴിയണം കവിക്ക് എന്ന പക്ഷമുണ്ട്.കരുത്തുള്ള
കവിതക്കുപിന്നാലെ ജനം വരുമെന്ന വിശ്വാസമുണ്ടായിരുന്നു.ചരിത്രത്തിൽ ആനന്ദവും ആവേശവും
ആഘോഷവുമായി മാറണം കവിജീവിതം എന്ന പക്ഷക്കാരനായ അയ്യപ്പൻ ആ അർത്ഥത്തിൽ ജീവിതത്തെ ആഘോഷിച്ചിട്ടുണ്ട്.അയ്യപ്പൻ
സഹതാപാർഹനല്ല.
ജനപ്രിയതയിൽനിന്നും അധികാര രൂപത്തിൽ നിന്നുംഅകന്നുനിൽക്കുന്ന പ്രവണത
അയ്യപ്പനിൽ ആദ്യന്തമുണ്ട്. എഴുപതിന്റെ അവസാനം കവിതാരംഗത്ത്
ബാലചന്ദ്രൻചുള്ളിക്കാടിനൊപ്പം
സജീവമായിരുന്നു.എങ്കിലുംചുള്ളിക്കാടിനൊപ്പംപേരെടുത്തില്ല.കാവ്യരൂപങ്ങളിലും രചനാരീതിയിലുമുള്ള
അന്തരമാവാമിതിനുകാരണം.അയ്യപ്പൻകവിയരങ്ങുകളുംസാഹിത്യചർച്ചകളും ബഹിഷ്കരിച്ചു.മുക്തഛന്ദസ്സുകളുടെആകവിബോധപൂർവംതീർത്ത
സൌന്ദര്യശാസ്ത്രപ്രതിരോധമാകാമത്.
സാഹിത്യത്തിലെ ആധുനികതയുടെ
അന്തരീക്ഷത്തിലേക്കു പിറന്നുവീണ കവിയാണ് അയ്യപ്പൻ.പ്രത്യക്ഷരാഷ്ട്രീയ പ്രശ്നങ്ങളിലോ
സാമൂഹ്യപ്രശ്നങ്ങളിലോ അയ്യപ്പന്റെ പങ്കാളിത്തമില്ല.ആഹ്വാനങ്ങൾക്കും പ്രബോധനങ്ങൾക്കും
പകരം മലയാളകവിത അയ്യപ്പനിലൂടെ കുറ്റബോധത്തിന്റേയും ആത്മനിന്ദയുടേയും സ്വരമായി.അപരിചിതമായ
ഒരു സൌന്ദര്യബോധത്തിന്റെ സ്രഷ്ടാവെന്ന നിലയിൽ കവിതയിലെ വിപ്ലവകാരിയാണ് അയ്യപ്പൻ.ആധുനികനും
ആധുനികോത്തരനുമായി വായിക്കപ്പെടാനുള്ള സാധ്യതകൾ ആ
കവിതകളിൽ വേണ്ടുവോളമുണ്ട്.
മലയാളത്തിലെ മറ്റേതെങ്കിലും
കവിജീവിതങ്ങളോടു താരതംയപ്പെടുത്താമെങ്കിൽ ചങ്ങമ്പുഴയോടും കുഞ്ഞിരാമൻ നായരോടും മാത്രമാണ്.രണ്ടുപേരും
അരാജകജീവികളായിരുന്നു.രണ്ടുപേരുടേയും കവിതകളുമായി അയ്യപ്പന്റെ കവിതക്കൊരു ബന്ധവുമില്ല.ബിംബങ്ങളുടെ
ധാരാളിത്തത്തിന്റെ കാര്യത്തിൽ കുഞ്ഞിരാമൻ നായരെ കവച്ചുവക്കാൻ ശ്രമിക്കുന്നുവെന്നു തോന്നാം.
സിരാരോഗിയായ കവി സിൽവിയാപ്ലാത്തിന്റേയും
കിറുക്കനായ ചിത്രകാരൻ വാൻഗോഗിന്റേയും ആരാധകനായിരുന്നു അയ്യപ്പൻ.കവിതയിലേക്ക് ജൈവപ്രകൃതിയുടെ
ആവാസവ്യവസ്ഥ കൊണ്ടുവന്നു.കടുംനിറങ്ങളോടും കഠിനാനുഭവങ്ങളോടും താല്പര്യം കാട്ടി‘.ഞാൻ
ബലിയാടായി തുടരുകതന്നെ ചെയ്യും.മറ്റാരെങ്കിലും അതാകേണ്ടിയിരിക്കെ‘ എന്ന് മരണാനന്തരവും
തെളിയിച്ചു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ