ആഗോളപാതകളും
നാട്ടുവഴികളും
ഒരിടത്തുള്ള നില്പല്ല പലയിടത്തേക്കുമുള്ള നടപ്പാണ് മനുഷ്യന്റെ നിലനില്പിനെ
സാധ്യമാക്കിയത്.ഒരുപാടിടങ്ങളിലേക്കു മനുഷ്യൻ താണ്ടിയ ദൂരങ്ങൾ ചരിത്രവഴികളായി,നാഴികക്കല്ലുകളായി.അന്നം
തേടലും അതിജീവനവുമായി ബന്ധപ്പെട്ടു മനുഷ്യൻ സഞ്ചരിച്ച വഴികളായിരിക്കണം
ചരിത്രത്തിലെ ആദ്യവഴികൾ.വഴികണ്ടെത്തലാണ് മനുഷ്യ(ജീവിതത്തെ)പുരോഗതിയെ
നിർണയിച്ചത്.വഴിയുമായി ബന്ധപ്പെട്ടതെല്ലാം ജീവിതത്തിന്റെ ബിംബങ്ങളും
രൂപകങ്ങളുമാണ്. ജീവിതപ്പാതയും ജീവിതയാത്രയും പഥികനും പാഥേയവും വഴിത്തിരിവും
വഴിവിളക്കുമായി അവ ഭാഷയിൽ വഴിതെളിക്കുന്നു.
വഴി ‘ജീവിതം‘ തന്നെയാണ്.നേർവഴിയെന്നും
പിഴച്ചവഴിയെന്നും ജീവിതത്തെ വഴികൊണ്ട് വിവേചിച്ചിട്ടുണ്ട് നാം.അതുകൊണ്ടാണ് ‘വന്നവഴി
മറക്കരുതെ‘ന്ന് ഉപദേശിക്കാൻ കഴിയുന്നത്.തെറ്റായ ജീവിതത്തെ ‘വഴിപിഴച്ച പോക്കെ‘ന്ന്
ശകാരിക്കുന്നത്.എന്താണു‘ പോംവഴി‘യെന്ന് തല പുകക്കുന്നത്‘.നേർവഴിക്കെന്നെ നീ കൊണ്ടു
പോയീടണം‘ എന്നതാണ് മികച്ച പ്രാർത്ഥന.വഴിവെട്ടലും വഴിതടയലുമാണ് വലിയ
സമരരൂപങ്ങൾ.വഴികളില്ലാതാകുമ്പോഴാണ് മനുഷ്യൻ ജീവിതമൊടുക്കുന്നത്.വഴികൾ
പെരുവഴിയാകുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.വഴിവെട്ടിയും വഴിതെളിച്ചും
വഴികണ്ടെത്തിയും മുന്നേറിയവനാണ് മനുഷ്യൻ.വൈവിദ്ധ്യമാർന്ന വഴികൾ വൈവിദ്ധ്യമാർന്ന
ജീവിതത്തെ കാണിക്കുന്നു.പലവഴി പോയവർക്ക് ഒരേവഴിയിലൊന്നിക്കാനുള്ള സാധ്യത അതു
തരുന്നുണ്ട്.എനിക്കെന്റെ വഴി,നിനക്കുനിന്റെ വഴി എന്നു വേർപിരിയാനും.
ഓരോ നാടിനും അതിന്റെ അനുഭവത്തിന്റേയും
പ്രയോഗത്തിന്റേയും നാട്ടുവഴികളുണ്ട്.കാലാന്തരത്തിൽ ഓരോ ജനതയും രൂപപ്പെടുത്തുന്ന
ജ്ഞാനവഴികളാണവ.ചരിത്രത്തിലിടപെട്ടു വെട്ടിയെടുത്തവയും സഹനങ്ങളിലൂടെ
നേടിയെടുത്തവയും അതിലുണ്ട്. ഭാരതീയമായും കേരളീയമായും പല വിധത്തിലതു
ചിഹ്നപ്പെട്ടിട്ടുണ്ട്.ദേശപരവും കാലപരവുമായ നാഴികക്കല്ലുകൾ ഉയർത്തപ്പെട്ടിട്ടുമുണ്ട്.കയ്യൂരെന്നും
കരിവള്ളൂരെന്നും വയലാറെന്നും വാരിക്കുന്തമെന്നുമൊക്കെ യുള്ള കേരളീയമായ നാനാർത്ഥങ്ങളാൽ
അതു രണോത്സുകമായിട്ടുണ്ട്..ദുർബ്ബലമെങ്കിലും കൊളോണിയലിസത്തിനെതിരായ ദേശശബ്ദമായി
1857-ലത് മുഴങ്ങി.ജാതി-ജന്മി നാടുവാഴിത്തത്തിനെതിരായി 1957ലത് ലോകത്തെ വിസ്മയിപ്പിച്ചു.
പോകാനും വരാനും മാത്രല്ല കൊള്ളാനും കൊടുക്കാനുമുള്ള
സാധ്യതകൾ കൂടിയാണ് വഴികൾ .വർഗ്ഗവിഭജനം വഴികളേയും സ്വകാര്യസ്വത്താക്കി.വഴിതുറന്നിടൽ
സ്വകാര്യഭീതിയായി.പരസ്പരമുള്ള കൂടിക്കലരലിനെ കൊള്ളൽ-കൊടുക്കലുകളെ അതു തടഞ്ഞു പങ്കുവക്കൽ
തങ്ങൾക്കു നഷ്ടമുണ്ടാക്കുമെന്ന ഉള്ളവന്റെ ഭീതിയായി അതു നിലനിന്നു.അതു വഴിപോക്കനെ
കള്ളനെന്നു മുദ്ര കുത്തി.തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപെട്ടാൽ
ദോഷമുള്ളവരുമായി ഒരു ജനത അരികിലേക്കുമാറ്റപ്പെട്ടു.അവർക്കു വഴിമുട്ടി.അതിനാൽ
സ്വാതന്ത്ര്യസമരം വഴിനടക്കാനുള്ള സ്വാതന്ത്ര്യസമരം കൂടിയായി.
കേരളത്തിലെ വിലക്കപ്പെട്ട സവർണപാതയിലൂടെ
വഴിമുടക്കിയവരെ വെല്ലുവിളിച്ച് അയ്യങ്കാളി വില്ലുവണ്ടി യോടിച്ചു.വൈക്കം
സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും അവർണനു വഴിനടക്കാനുള്ള സ്വാതന്ത്ര്യസമര മായിരുന്നു.എല്ലാവർക്കും
നടക്കാവുന്ന പൊതുവഴികൾ വികസിപ്പിച്ചുകൊണ്ടേ ഏതുനാട്ടിലും ജനാധിപത്യത്തിനു
വികസിക്കാനാകൂ.നവോത്ഥാനപ്രവർത്തനങ്ങൾ കേരളത്തിന്റെ പൊതുവഴികളെ രൂപപ്പെടുത്തിയ
സമരമാർഗ്ഗ ങ്ങളായിരുന്നു.അന്ധബോധങ്ങളുടെ അടിക്കാടു കത്തിച്ച് മനസ്സുകളെ
സ്വതന്ത്രമാക്കാനാണ് യുക്തിവാദി പ്രസ്ഥാനം ശ്രമിച്ചത്.യുക്തിവിചാരത്തിന്റെ കനലായിരുന്നു
അവരുടെ ഇന്ധനം.സാമുദായിക പരിഷ്കരണ പ്രസ്ഥാനങ്ങൾ പൊതുജീവിതം സാധ്യമാക്കാനുള്ള ആഭ്യന്തരസമരങ്ങളിൽ
കൂടുതൽ ശ്രദ്ധിച്ചു.ജാതിവിരുദ്ധ ജന്മിത്തവിരുദ്ധസമരങ്ങൾ കേരളചരിത്രത്തിലെ
ഉജ്ജ്വലാധ്യായങ്ങളായി.കർഷകപ്രസ്ഥാനങ്ങളും തൊഴിലാളി വർഗ്ഗപ്രസ്ഥാനങ്ങളും ബലവത്തായ
പൊതുമണ്ഡലത്തിന്റെ മണ്ണൊരുക്കി .
അധികാരവും സമ്പത്തും വികേന്ദ്രീകരിക്കാനുള്ള ഏതു
സമരവും സ്വാഭാവികമായും പൊതുമണ്ഡലത്തേയാണ് വികസിപ്പിക്കുക.ജന്മിത്തത്തിന്റെ
ഖജനാവിൽനിന്ന് ഭൂമി മോചിപ്പിക്കപ്പെടുമ്പോൾ മണ്ണും മാനവുമുള്ള കർഷകനുണ്ടാകും..സവർണമേൽക്കോയ്മയിൽ
നിന്ന് അക്ഷരം മോചിപ്പിക്കപ്പെടുമ്പോൾ എഴുത്തും വായനയും പൊതുബോധവും വികസിയ്ക്കും.ആത്മബോധമുള്ള
സമൂഹമായി അധസ്ഥിതജനത സ്വയം നവീകരിയ്ക്കപ്പെടും.സാമൂഹ്യനീതിയുടെ
,സ്നേഹവിശ്വാസങ്ങളുടെ,ബന്ധങ്ങളുടെ മൂല്യങ്ങളൂടെ,രുചികളൂടെ പുതിയ വഴികൾ
ആവിഷ്കരിക്കപ്പെട്ടു കേരളത്തിൽ.
നാട്ടുവഴികളെ വിഴുങ്ങിക്കൊണ്ടാണ് ആഗോളപാതകൾ
വികസിക്കുന്നത്.ചെറുതുകളെ വിഴുങ്ങുന്ന വലുതുകളുടെ കാലമാണ് ആഗോളകാലം.അതിഭീമനും
പടുകൂറ്റനുമായുള്ള നിലനിൽപ്പിനെ മാത്രം അതു തുണക്കുന്നു.ചെറുതായിരിക്കലും
തനതായിരിക്കലുംഅപഹസിക്കപ്പെടുന്നു.ഏതശ്ലീലത്തേയുംമാനകമാക്കുന്നസാംസ്കാരികയുക്തിയാണതിന്.അക്രമങ്ങളെ
അതു ലോകക്രമമാക്കും.സ്വകാര്യമായ ആർത്തികൾക്ക് സ്വാശ്രയത്വമെന്നു
പേരിടും.കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കി കാഴ്ച്ചപ്പാടുകളെ അലസിപ്പിക്കും.
ഒറിജിനലിനെ തോൽപ്പിക്കുന്ന ഡ്യൂപ്ലിക്കേറ്റുകളെ
സൃഷ്ടിക്കുന്നതാണ് സാങ്കേതികതയുടെ ആഗോളകാലം.മൌലികതക്കു പ്രസക്തിയില്ലാതാക്കുന്ന
സാംസ്കാരികകാലം കൂടിയാണിത്.അതുകൊണ്ട് കലയിലുംസംഗ്ഗിതത്തിലും സാഹിത്യത്തിലും
രാഷ്ട്രീയത്തിലും ‘മിമിക്രിക്കാർ‘ നിറയുന്നു.എല്ലാം ലീലയാക്കുന്ന ഗോപാലന്മാരും
ഗോപികമാരുമാണ് ജീവിതത്തിന്റെ അവതാരകരാകുന്നത്. പഞ്ചേന്ദ്രിയങ്ങളെ മോഷ്ടിച്ചെടുത്ത്
അത് വ്യക്തിസ്വത്വം നശിപ്പിക്കുന്നു.സമൂഹത്തെ ആൾക്കൂട്ടമാക്കി ഇന്ദ്രിയലഹരികളിൽ
ആറാടിക്കുന്നു.കലാകാരന്മാരും ബുദ്ധിജീവികളും വിലക്കെടുക്കപ്പെട്ടവ രാകുന്നു.ബഹുരാഷ്ട്രഭീമന്മാരുടെഅംബാസഡർമാരും
കാവൽ പട്ടികളുമായിഅവർ സംസ്കാരിക ‘കുര’വയിടുന്നു. ആനന്ദസമുദായത്തിന്റെ ശങ്കരന്മാർ
അവതരിക്കുകയാണ്. കമ്പോളവും ആൾദൈവങ്ങളും സ്പ്പോൺസർ ചെയ്യുന്ന മായികതയാണ് പുതിയ
അദ്വൈതം.’ഇന്നലേയോളമെന്തെന്നറിഞ്ഞീല,നാളെയെന്തെന്നറിയുകയും വേണ്ടാ.. (കെ.ആർ.ടോണി)എന്നാണ്
ഇക്കാലത്തിന്റെ ഭക്തിപ്പാന.ഉത്തമബോധ്യങ്ങളോ നിശ്ചയങ്ങളോ നിലപാടുകളോ പ്രതിബദ്ധതയോ
ഇനി ജീവിതത്തിനാവശ്യമില്ലെന്ന പരസ്യ വെളിപാടുകളിലേക്കാണത് ട്യൂൺ ചെയ്യപ്പെട്ടിരി ക്കുന്നത്.രക്തസാക്ഷികൾക്കുവേണ്ടി
കൊലയാളികൾ തന്നെ തയ്യാറാക്കുന്ന സപ്ലിമെന്റുകൾ അതു നമ്മെ വായിപ്പിക്കും.
ആഗോളപാതകമ്പോളത്തിന്റെസ്വകാര്യപാതയാണ്.ആഗോളവൽക്കരണംകമ്പോളയുക്തിയുടെരാഷ്ട്രീയപ്രയോഗവും.മുകളി
ലിരിക്കുന്നവൻ താഴോട്ടുവെട്ടുന്ന രാജപാതയാണത്. എല്ലാവരേയും
മുകളിലെത്തിക്കാനുള്ള സമത്വത്തിന്റെ
പാതയല്ല.കരയും കടലും ആകാശവും ഒരുപോലെ കീഴ്പെടുത്തപ്പെട്ടതിന്റെ ഫലമാണത്.ജ്ഞാനാന്വേഷണത്തിനല്ല
അധികാരംആവിഷ്കരിക്കാനുംവ്യാപിപ്പിക്കാനുമായി.ദേശം,കാലം,ചരിത്രം,സ്വത്വം,തനിമ,മൌലികതഎന്നിവയെയെല്ലാം
അപ്രസ ക്തമാക്കി എല്ലാത്തിനേയും ഇടിച്ചു നിരത്തുന്ന അധികാരവഴി.ബലമില്ലാത്തവനും
ആലംബമില്ലാത്തവനും ജീവിക്കാനർഹതയില്ലെന്നാണ് അതിന്റെമുദ്രാവാക്യം.താങ്ങും തണലും
കാരുണ്യവും ജീവിതത്തിൽ നിന്നു തന്നെ പിഴുതെടുത്തുകൊണ്ടാണത് പടരുക.മത്സരിച്ചു
ജയിക്കുന്ന മസിലുകളെ മാത്രം അതു കിരീടമണിയിക്കും.ചരിത്രവിരുദ്ധവും ദേശവിരുദ്ധവുമായ
പാതയാണത്.മനുഷ്യൻ നടന്നുതീർത്ത ദൂരങ്ങളെ –ചവിട്ടുപടികളെ – വിയർപ്പിൽ നനച്ചെടുത്ത
സംസ്കൃതികളെ ഒറ്റയടിയ്ക്കാണത് അപ്രത്യക്ഷമാക്കുന്നത്.ഉദാരമായി തുറന്നുവയ്ക്കുന്ന
അതിന്റെ വാതിലിനപ്പുറത്ത് ഇരയെ തേടുന്ന വേട്ടക്കാരുണ്ട്.
സ്വാതന്ത്ര്യവും അവകാശങ്ങളും പങ്കിട്ടെടുക്കുന്ന
നാട്ടുവഴികളെ അപ്രസക്തമാക്കി അവയെയെല്ലാം സ്വകാര്യമാക്കുകയും കുത്തകയാക്കുകയും
ചെയ്യുന്നതാണ് ആഗോളവഴി.തനതുസാങ്കേതികവിദ്യകളുടെ,ഉല്പന്നങ്ങളുടെ,നാട്ടറിവുകളുടെ
അവകാശമാണ് ആഗോളഭീമന്മാർ തട്ടിയെടുക്കുന്നത്.പാരമ്പര്യവിത്തിനങ്ങളും സസ്യങ്ങളും അവർ
കൈപ്പിടി യിലാക്കുന്നു.ആര്യവേപ്പും മഞ്ഞളും ഇനി കേരളീയന്റേതല്ല.കൃഷിയിലേക്കും
ചില്ലറക്കച്ചവടത്തിലേക്കും ആ കഴുകൻ കണ്ണുകൾ പതിയുന്നതോടെ പാവപ്പെട്ടവന്റെ
ഉപജീവനമാർഗ്ഗമടയുന്നു. നാടിന്റെ ക്രിയാശേഷി യെ,ഉല്പാദനശേഷിയെഅതു
മരവിപ്പിക്കുന്നു.തരുന്നതു വാങ്ങിത്തിന്നുന്ന ഉണ്ണാമന്മാരെയും ഉപഭോഗികളേയും മതി അതിന്..
നാട്ടിലെ തട്ടുകടയും മുറുക്കാൻ കടയും പൊളിക്കുന്ന ജെ.സി.ബി അവന്റേതാണ്. കുന്നുകളേയും
മേടുകളേയ്യും നിമിഷം കൊണ്ട് അപ്രത്യക്ഷമാക്കുന്ന മന്ത്രവാദിയായി-പുഴകളെ
കുപ്പിയിലാക്കുന്ന മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി,കാറ്റിനേയും കടലിനേയും
അപ്പുറത്തുമിപ്പുറത്തുമാക്കിയ നാലുവരി/എട്ടൂവരി)പാതയായി നാമവനെ കണ്ടുമുട്ടൂന്നു
നിരന്തരം.
പ്രതിരോധത്തിന്റെ നാട്ടുവഴികളേറെയാണ്. മയിലമ്മയിലൂടെ
പ്ലാച്ചിമടയിലേക്കും ഉദയകുമാറിലൂടെ കൂടംകുളത്തേക്കുമുള്ള വഴിയാണത്.കൊക്കക്കോളയും
ആണവനിലയവും ഒരു രാഷ്ട്രത്തിന്റേയും ആരോഗ്യരഹസ്യമായിക്കൂടാ എന്ന നിലപാടിന്റെ
വഴി.അതിജീവനത്തിന്റെ പ്രാദേശികപ്രകൃതിപാഠങ്ങൾ ഇവയിൽ നിന്ന് നാമാവോളവും പകർത്തിയെടുക്കേണ്ടതുണ്ട്.
ഗാന്ധിയും മാർക്സും കണ്ടുമുട്ടുന്നതിവിടെവച്ചായിരിക്കും.അവർ
സൂപ്പർമാർക്കറ്റിലേക്കല്ല നിങ്ങളെ നയിക്കുക.ജീവിതത്തെ പല വർണങ്ങളിൽ
ആവിഷ്കരിക്കുന്ന പച്ചപ്പിലേക്കും പോരാട്ടത്തിലേക്കുമാണ്.
ഏറ്റവുംതെറ്റിദ്ധരിക്കപ്പെട്ടവഴിവികസനത്തിന്റേതാണ്.ആഗോളപാതയിലൂടെയാണ്
വികസനം വരുന്നതെന്ന് ചിലരെല്ലാം വിളിച്ചുകൂവുന്നു.സാധനങ്ങളുടേയുംസേവനങ്ങളുടേയുംസുഗമവുംസ്വതന്ത്രവുമായകൈമാറ്റത്തിലൂടെയാണത്രേഈവികസനം .നാട്ടു വഴികൾ നാലുവരിപ്പാതകളാക്കുന്നത്
അതിനാണത്രേ. നാടിനെ പുലർത്താൻ കടം വാങ്ങി കഷ്ടപ്പെടുന്ന ത്യാഗബുദ്ധന്മാർ കരാറിലൊപ്പിട്ടു
കഴിഞ്ഞത്രേ. അവർകാറ്റിനും വെയിലിനും മഴത്തുള്ളിക്കും നികുതിയേർപ്പെടുത്തും.പ്രകൃതി
വിഭവങ്ങളെ മാഫിയാസംഘങ്ങളുടെ അക്കൌണ്ടിലെത്തിക്കുന്ന കൂട്ടിക്കൊടുപ്പുകാരാകും.അവസാനത്തെ
പച്ചയെപ്പോലും ഒറ്റും.ഒറ്റിക്കൊടുപ്പുകാർ ഭരണാധികാരികളാവുമ്പോൾ നാടിന്റെ വിധി കുരിശുമരണമായിരിക്കും.ഉയിർത്തെഴുന്നേല്പ്
അസാധ്യമാകും വിധം.ലോകചരിത്രത്തിൽ എക്കാലത്തുമുള്ള ഒരു ന്യൂനവർഗ്ഗമാണ്
ഒറ്റുകാർ.ഒരു കാലത്തും അവർ ഇല്ലാതിരുന്നിട്ടില്ല.അത് യൂദാസിൽ തുടങ്ങിയതുമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ