പിച്ചാത്തി

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014

സഹിത്യത്തിലെ ഭൂപരിഷ്കരണം



   സഹിത്യത്തിലെ ഭൂപരിഷ്കരണം
               ഭൂമി സ്വത്തും വിഭവവും അധികാരവുമാണ്.മനുഷ്യൻ മണ്ണിൽ വേരൂന്നി പടരുകയും വിളയുകയും ചെയ്തപ്പോഴുണ്ടായതാണ് സംസ്കാരം.മണ്ണ് സ്വന്തമായുണ്ടാകുമ്പോൾ ‘തന്റേട‘ മുള്ളജീവിതമുണ്ടാകുന്നു.കലയി ലും സാഹിത്യത്തിലും സംസ്കാരത്തിലും മണ്ണിന്റെ മണമുണ്ടാകുന്നു.ഭൂസ്വത്തിന്റെ ഏകപക്ഷീയമായ കേന്ദ്രീകരണം ജീവിതത്തെ വിഭജിക്കുന്നു.ഭൂപതികളും നാടോടികളുമുണ്ടാകുന്നു.ഭൂപതിമാർക്കും നാടോടികൾക്കും വെവ്വേറെ കലയും സാഹിത്യവുമുണ്ടാകുന്നു.ഭൂമിക്കു മേലുള്ള വംശവർണലിംഗാധികാരങ്ങൾ കലയിലും സാഹിത്യത്തിലും അടയാളപ്പെടുന്നു.രാജമഹത്വം ഭൂവിസ്തൃതി വർദ്ധിപ്പിക്കലാകുമ്പോൾ ഭൂമിക്കുവേണ്ടിയുള്ള രാജകീയ പോരാട്ടങ്ങൾ മാത്രം ഇതിഹാസങ്ങളാകുന്നു.
ഓരോ കാലത്തേയുംസാമൂഹ്യരാഷ്ട്രീയ അധികാരബന്ധങ്ങളാൽ നിയന്ത്രിതമാണ് സാഹിത്യത്തിന്റെ ഭൂമിയും. സ്ഥലകാലങ്ങളും പ്രമേയങ്ങളും കഥാപ്ത്രങ്ങളും എല്ലാം ചേരുന്നതാണ് സാഹിത്യത്തിന്റെ ഭൂമി.ആദ്യകാലത്ത് സാഹിത്യ ഭൂമി ദേവഭൂമിയായാണ് നിലനിന്നത്.ദേവീദേവന്മാരേയും ഇതിഹാസപുരുഷന്മാരേയും പ്രതിഷ്ഠിച്ച ഭൂമി.അവരുടെ അപദാനങ്ങളും കീർത്തനങ്ങളുമായി ആദ്യകാല സാഹിത്യം.സനാതനമെന്നു വിശ്വസിക്കപ്പെട്ട സംസ്കൃതകാവ്യശാസ്ത്രപദ്ധതികൾ കൊണ്ട് കെട്ടിപ്പൊക്കിയ സൌന്ദര്യശാസ്ത്രത്തിന്റെ കോട്ടക്കകത്താണ് ഈ അർച്ചനാഗീതങ്ങൾ രൂപപ്പെട്ടത്.ഒരു നീണ്ടകാലം മിഴുവൻ മലയാളസാഹിത്യം ഇതിഹാസപുരാണങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ടേയിരുന്നു. യഥാർത്ഥമനുഷ്യർക്കോ സാധാരണക്കാർക്കോ ആ കോട്ടക്കകത്തു പ്രവേശനമില്ലായിരുന്നു.പഴയകാലത്ത് പ്രാദേശികമായ സ്ഥലകാലങ്ങൾ രേഖപ്പെടുത്തപ്പെട്ട കൃതികൾ അച്ചീചരിതങ്ങളും ചമ്പുക്കളുമെന്നറിയപ്പെട്ടു അതാകെയും ഉപരിവർഗ്ഗത്തിന്റെ ഭോഗലാലസതയുടെ ഉദാത്തവൽക്കരണങ്ങളായിരുന്നു.  

ഏതുനാട്ടിലേയുംപ്രാചീനലിഖിതസാഹിത്യംഭൂദേവന്മാരുടേയും ഭൂപതിമാരുടേയും കൊട്ടാരംകവിക ളുടേതുമാണ്.12-ആംനൂറ്റാണ്ടുമുതൽ മലയാളത്തിൽ  ബ്രഹ്മണക്ഷത്രിയസാഹിത്യം ആരംഭിക്കുന്നുണ്ട്.കേര ളത്തിന്റെ ജാതിഘടനയിലെ വൈശ്യവിഭാഗത്തിന്റെ അഭാവം പരിഹരിച്ച മുസ്ലീം കൃസ്ത്യൻവിഭാഗങ്ങളുടെ സാഹിത്യവും 16-ആം നൂറ്റാണ്ടോടെ ശക്തിപ്രപിക്കുന്നുണ്ട്.എഴുത്തച്ഛൻ രൂപപ്പെടുത്തിയ ഭാഷക്കും ഭാവുക ത്വത്തിനും ഒപ്പംഅറബി-മലയാളവും അതിന്റെ സാഹി ത്യവുമുണ്ടാകുന്നു.സമാന്തരമായുണ്ടായ ഭൂരഹി തരുടെ നാടോടിസാഹിത്യത്തിന് വരമൊഴിയിൽ പ്രവേശനമില്ലാതിരുന്നതിനാൽ വിസ്മൃതമായി.
ആക്രമണഭീതിയും സാമ്രാജ്യനഷ്ടഭീതിയും ഭൂപതിമാർകുള്ളതാ‍ണ്.ഭൂമികാക്കുന്നതിന് ഭടജനങ്ങളെ വീരന്മാരാക്കി നിർത്തുന്ന സാംസ്കാരിക പ്രവർത്തനമാണ് മലയാളത്തിലെ ആദ്യകൃതിയിൽ(രാമചരിതം)രാമചരിതകാരൻ നിർവഹിക്കുന്നത്.ഈ ആര്യപുരുഷന്മാർ തങ്ങളൂടെ എഴുത്തിന്റെ ഭൂമിയിൽ മതവും ധർമ്മാദർശങ്ങളും ശരീരികതൃഷ്ണകളും കൃഷിചെയ്തു.ഭൌതികമായ മറ്റു പ്രയാസങ്ങൾ ഇല്ലാത്തതിനാൽ ഭക്തിയും രതിയും അവരുല്പാദിപ്പിച്ചു.അച്ചീചരിതങ്ങളും സന്ദേശകാവ്യങ്ങളുമുണ്ടായി.ബ്രാഹ്മണഗ്രാമങ്ങൾ,ക്ഷേത്രങ്ങൾ,തീർത്ഥ ങ്ങൾ,രാജാക്കന്മാർ,ദേവദാസികൾ എന്നിങ്ങനെ ആര്യവിഷയങ്ങൾ നിറഞ്ഞു.വിഷയാസക്തി ജീവിത രീതിയായി ശൃംഗാരം പ്രധാനഭാവമായി.
                     സ്വന്തമായി മണ്ണും ആകാശവുമില്ലാത്തവന്റെ സാഹിത്യവും സംസ്കാരവും അധികാര കേന്ദ്രങ്ങളിലേക്കു വളഞ്ഞുവളരാനിടയാകുന്നു.നാടോടിസാഹിത്യം പോലും വിഷയസ്വീകരണത്തിലും ഇതിവൃത്തത്തിലും ആര്യത്വത്തെ എടുത്തണിയാൻ നിർബന്ധിക്കപ്പെട്ടു.സ്വന്തമായി കാവും ദൈവങ്ങളും തങ്ങൾ ക്കുമുണ്ടായിരുന്നിട്ടും ക്ഷേത്രപ്രവേശനത്തിലേക്കാകർഷിക്കപ്പെടുകയായിരുന്നു പിന്നോക്കക്കാരും ദളിത രും.തങ്ങളുടെ സംസ്കാരവും ചരിത്രവും അമാന്യവും മ്ലേഛവുമായി അപഹസിക്കപ്പെട്ടതിന്റെ അപകർഷതയിൽ നിന്നാണ് മാന്യമാവാനുള്ള ആര്യമാർഗ്ഗത്തിലേക്കവർ നഷ്ടപ്പെട്ടത്.നാടനും നാടോടിയുമായ കലയും സാഹിത്യവും ഒരു സമൃദ്ധസംസ്കാരമായി ദളിതനിലുണ്ടായിരുന്നിട്ടും വരേണ്യവും കുലീനവുമായ മുഖ്യധാരയുടെ സാ‍ഹിത്യക്ഷേത്രപ്രവേശനത്തിനായി അവനും  കുമ്പിട്ടു നിൽക്കേണ്ടിവന്നു.കവിസാർവ ഭൌമന്മാരായ തമ്പുരാക്കന്മാരുടേയും സാഹിത്യരസികന്മാരായ മേനോന്മാരുടേയും അനുഗ്രഹങ്ങളില്ലാതെ ഈക്ഷേത്രപ്രവേ ശനം അസാധ്യമായിരുന്നു.അതുകൊണ്ട് അവർണനായ(ധീവരൻ)കെ.പി.കറുപ്പൻ സംസ്കൃതം പഠിക്കുകയും ആട്ടക്കഥരചിക്കുകയും ചെയ്ത് കവിതിലകനായി പുണ്യാഹം തളിക്കപ്പെട്ടതാണ് ദളിതനും മാതൃകയായത്.സാഹിത്യത്തിലെ ആദ്യത്തെ ക്ഷേത്രപ്രവേശനസമരമായിരുന്നു കവിരാമായണവിവാദം.കവി രാമായണം എന്ന കൃതി അവർണൻ നടത്തിയ ആദ്യത്തെ ശിവപ്രതിഷ്ഠയും.ഉള്ളൂരിന്റെ സാക്ഷ്യപ്പെടുത്തൽ ഇങ്ങനെ”ആ തരത്തിലുള്ള സമരങ്ങൾ കൊണ്ട് ഈഴവർക്ക് സവർണഹിന്ദുക്കളോടൊപ്പം സാഹിത്യമണ്ഡലത്തിൽ ശാശ്വതമായ സ്ഥാനം ലഭിച്ചു.അവരുടെ ആത്മവിശ്വാസം പൂർവാധികമായി വിജൃംഭിച്ചു”
മലയാളത്തിലെ പ്രാചീനലിഖിതസാഹിത്യം പാട്ട്,മണിപ്രവാളം എന്നിങ്ങനെ പിരിഞ്ഞാണ് വളർന്നത്.രണ്ടും കൊട്ടാരസാ‍ഹിത്യമാണ്.രാമചരിതകാരൻ പരാമർശിച്ച ഊഴിയിൽ ചെറിയവർ ചെന്തമിഴിലോ സംസ്കൃതത്തിലോ പാണ്ഡിത്യമില്ലാത്തവർ മാത്രമാണ്.മണിയാണി നായന്മാർ.കുഞ്ചൻ നമ്പ്യാർ ഉദ്ദേശിച്ച ഭടജനങ്ങളും ശൂദ്രരായ നായർ വിഭാഗം തന്നെ.എങ്കിലും അയിത്തക്കാരനോടൊപ്പം ക്ഷേത്രത്തിനു പുറത്തേക്കിറങ്ങിപ്പോയ ആ തെറിച്ച തുള്ളൽക്കാരൻ പ്രത്യേക പഠനമർഹിക്കുന്നുണ്ട്.സംസ്കൃതവൽക്കരണവുമായി മലയാളസാഹിത്യം ഒത്തുതീർപ്പിലെത്തുന്ന ഘട്ടമാണ് എഴുത്തച്ഛന്റേത്.ഭാഷയിലും സാഹിത്യത്തിലുമുള്ള ശൂദ്രസ്ഥാനം  അടയാളപ്പെടുത്തിയ വിപ്ലവമാണ് എഴുത്തച്ഛൻ നയിച്ചത്.സവർണതക്കുള്ളിൽ നടന്ന സംഘർഷങ്ങളാണ് അക്കാലത്തെ മികച്ച വിമോചനപ്രവർത്തനമായത്.എഴുത്തച്ഛൻ ഭാഷാപിതാവായി പരിഗണിക്കപെടുന്നതിന്റെ രാഷ്ട്രീയം ശൂദ്രത്വം മലയാളിത്തമായി പരിഗണിക്കപ്പെടുന്നതിന്റെ കൂടിയാണ് മാനകമലയാളമായിത്തീർന്നത് ശൂദ്രഭാഷയാണ്.അതിനുതാഴെയുള്ള ദളിത് ആദിവാസിഭാഷകൾ മാനകമലയാളത്തിന്റെ വരേണ്യതക്കു വിധേയമായി.
                                   പ്രാകൃതമായ അടിമ ഉടമബന്ധങ്ങളെ മാറ്റിപ്പണിയുന്നതിന്റെ ആദ്യപടി ഭൂവുടമസ്ഥത പങ്കുവക്കലാണ്.ജനാധിപത്യത്തിലേക്കും പൌരാവകാശങ്ങളിലേക്കും വികസിതമായ സംസ്കാരത്തിലേക്കും നാടുണരുന്നത് ഭൂപരിഷ്കരണത്തിലൂടെയാണ്.കോളണി വാഴ്ചക്കുമുമ്പ്കേരളത്തിന്റെ കാർഷികവ്യാപാരസമ്പദ് വ്യവസ്ഥ തീരെഅവികസിതമായിരുന്നു.കാർഷികമേഖലയിലെ വിഭവങ്ങൾ ഒരുവിഭാഗത്തിന്റെ കൈയിലായി.വ്യാപാരമേഖലയെ മറ്റൊരുവിഭാഗം ആശ്രയിച്ചു.മറ്റു തൊഴിലുകളിലേർപ്പെട്ട വേറൊരു വിഭാഗവുമുണ്ടായി.കാർഷികമേഖല വ്യാപാരമേഖലയുമായി ബന്ധിപ്പിക്കപ്പെടുന്നത് 16-ആംനൂറ്റാണ്ടി ലാണ്.വിവിധ ജനവിഭാഗങ്ങൾ ബ്രഹ്മണരോടും രാജാവിനോടും നാടുവാഴികളോടും പുലർത്തിപ്പോന്ന വിധേയത്വമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത.വ്യവസായ മേഖല രൂപപ്പെടുന്നത് 18-ആം നൂറ്റാണ്ടിൽ മാത്രമാണ്.ബ്രിട്ടീഷ് കോളണിവാഴ്ചയുടെ ഫലമായിട്ടാണത്.പരമ്പരാഗത ഭൂബന്ധങ്ങളിൽ മാറ്റം വരുന്നത് ഇതോടെയാണ്.ഘടനാപരമായ മാറ്റം ജന്മിത്തത്തിനു സംഭവിക്കുന്നു.സവർണജാതികളിൽ നിന്ന് ഭൂവുടമകൾ സൃഷ്ടിക്കപ്പെട്ടു.തോട്ടങ്ങളുണ്ടാകുന്നതും നാണ്യവിളകൾ കൃഷിചെയ്യാനാരംഭിക്കുന്നതും ഇക്കാലത്താണ്.19-ആം നൂറ്റാണ്ടുമുതൽ കൊളോണിയലിസം ഭരണത്തിലിടപെടുന്നതിനൊപ്പം നാടുവാഴിത്തം ദുർബ്ബലപ്പെടുന്നുണ്ട്.1916-20 കളിൽ മലബാറിലെ കുടിയയ്മാപ്രസ്ഥാനം ഭൂവുടമസ്ഥത വികേന്ദ്രീകരിച്ചു.ബ്രാഹ്മണരുടേയും പ്രമാണിമാരുടേയും ഭൂമി സവർണമധ്യമജാതികൾക്കു നൽകുകയാണ് ചെയ്തത്.
                            കേരളത്തിൽ നടന്ന ഭൂപരിഷ്കരണം മധ്യമജാതികൾക്ക് ഭൂമിയുടെ ഉടമസ്ഥത കൈമാറുന്നതിലൊതുങ്ങി.നായരീഴവമുസ്ളീംവിഭാഗങ്ങൾ ഭൂപരിഷ്കരണത്തിന്റെമുഖ്യ ഗുണഭോക്താക്കളായി.ദളി തർക്ക്ഭൂവുടമസ്ഥതലഭിച്ചില്ല.തോട്ടങ്ങൾ ഭൂപരിഷ്കരണനിയമത്തിന്റെപരിധിയിൽ പരിഗണിക്കപ്പെട്ടില്ല.വ്യാവ സായികമേഖലയിലെ വിഭവങ്ങൾകുത്തകളുടെ കൈയിലായി.പരമ്പരാഗത കൈത്തൊഴിൽ മേഖലകൾ ഉദ്യോഗസ്ഥമേധാവിത്തത്തിന്റെ കാൽക്കീഴിലും.മുതലാളിത്ത പരിവർത്തനഘട്ടത്തെ അഭിസംബോധന ചെയ്യാൻ മേൽ‌ജാതിക്കാർക്കും മധ്യമജാതികൾക്കുമായി.കീഴ്ജാതികൾ ബ്യൂറോക്രസിയുടെ മർദ്ദകസംവി ധാനത്തിലമർന്നു.പാട്ടക്കാരന് ഭൂമി കിട്ടിയാൽ കാർഷികാഭിവൃദ്ധിയുണ്ടാകുമെന്നു കരുതിയത് തെറ്റിപ്പോ യി.യഥാർത്ഥകൃഷിക്കാരൻ ആരെന്നതയിരുന്നു പ്രശ്നം.ഇടത്തരക്കാരൻ ഭൂമി തുണ്ടാക്കിവിറ്റു ലാഭമുണ്ടാക്കാനും നാണ്യവിളയിറക്കാനുമാണ് തയ്യാറായത്.ഭൂമി വിറ്റു പണം ബാങ്കിലിട്ടും വ്യവസായങ്ങളിൽ നിക്ഷേപിച്ചുംഅവർ മിടുക്കരായി. ഗൾഫ് കുടിയേറ്റം പിന്നോക്കവിഭഗങ്ങളുടെ ക്രയശേഷി വർദ്ധിപ്പിച്ച മറ്റൊരു ഘടകമാണ്.യഥാർത്ഥത്തിൽ ജന്മിയേയും പാട്ടക്കാരേയും തീറ്റിപ്പോറ്റിയവർഗ്ഗം ദളിതരും ആദിവാസികളു മായിരുന്നു.പാട്ടക്കാരിൽ നിന്ന് പാട്ടത്തിനെടുത്തോ അവർക്കുവേണ്ടി പണിയെടുത്തോ ആണ് ഈ വിഭാഗങ്ങൾ ജീവിച്ചത്.യഥാർത്ഥ കൃഷിക്കാർ അവരായിരുന്നു.അവർക്ക് ഭൂമിലഭിച്ചില്ല.അവരെ ഹരിജൻ കോളനികളിലും ലക്ഷം വീടു കോളനികളിലും പാർപ്പിക്കുകയാണുണ്ടായത്.അവർ കർഷകത്തൊഴിലാളികളും കുടികിട പ്പുകാരുമായി തുടർന്നു.സംവരണത്തിന്റെ ആനുകൂല്യത്തിൽ ലഭിച്ച സർക്കാരുദ്യോഗത്തിൽ പരിമിതവിഭവരായി കഴിഞ്ഞു.കൃഷിയിലോ വ്യവസായത്തിലോ കച്ചവടത്തിലോ അധികാരസ്ഥാനങ്ങളിലോ ഒരു ശക്തിയായില്ല.ഒരുസമുദായകർതൃത്വം ദളിതനിൽ രൂപപ്പെട്ടില്ല.
കേരളത്തിലെ അട്ടിമറിക്കപ്പെട്ട ഭൂപരിഷ്കരണം ദളിതരെ സാഹിത്യത്തിലെ ഭൂരഹിതരായി തുടരാൻ ഇടയാക്കി.പുതിയ ജന്മികളായി മാറിയ ഇടത്തരക്കാറന്റെ വിളവെടുപ്പുത്സവങ്ങളായി തീർന്നു പിന്നീടുള്ളസാഹിത്യം.ജീവിതത്തിലേക്കും കലയിലേക്കും ആധുനികതയും ആധുനികോത്തരതയും ഇവരിലൂടെ ഇറക്കുമതി ചെയ്യപ്പെട്ടു.ആധുനികവൽക്കരണവും നഗരവൽക്കരണവും ദളിതനെ അന്യവൽക്കരിച്ചു.യാഥസ്ഥിതികമനസ്സുള്ള വിപ്ലവകാരികളുടെ മധ്യവർഗ്ഗപ്രസ്ഥാനം അധികാരം നിലനിർത്താനും തുടർ വികേന്ദ്രീകരണം തടയാനുമുള്ള പ്രതിലോമപ്രവർത്തനം ശക്തമാക്കി.ഭൂമിയിലും സഹിത്യത്തിലുമുള്ള അവന്റെ വിളവെടുപ്പ് നാണ്യവിളകളായത് ലാഭേച്ഛ കഠിനമായതിനാലാണ്.മണ്ണിനും കലാവസ്ഥക്കുമെതിരായ ലാഭാധിഷ്ടിതമായ വിളവെടുപ്പായിരുന്നു ആധുനികത.സാഹിത്യത്തിലെ ഈ കേരളാമോഡൽ വികസനം മലയാളികളുടെ പരമ്പരാഗത പൊങ്ങച്ചങ്ങളാൽ സ്തുതിക്കപ്പെട്ടൂ.

ഓരോ എഴുത്തുകാരനും തന്റെ അനുഭവലോകത്തെയാണാവിഷ്കരിക്കുക.അറിയാത്ത രഹസ്യങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന നിളാനദിയേയാണെനിക്കിഷ്ടം എന്ന് അതിന് ഉദാത്തികരണങ്ങൾ ഉണ്ടായിട്ടുണ്ട്.എഴുത്തുകാരന്റെ  കർതൃത്വത്തെ രൂപപ്പെടുത്തുന്ന ഭൌതികപരിസരങ്ങൾ എഴുത്തിൽ തെളിയുക  സ്വാഭാവികം മാത്രം.അങ്ങനെ നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  മലയാളത്തിലെ എണ്ണപ്പെട്ട സാഹിത്യകൃതികൾ ജാതിചിഹ്നം വഹിക്കുന്നതായിത്തീർന്നു.അതു നമ്പൂതിരി സാഹിത്യമെന്നോ നായർസാഹിത്യമെന്നോ വിളിക്കപ്പെട്ടില്ലെന്നുമാത്രം.സവർണഭാവുകത്വത്തെ മലയാളി ആന്തരവൽക്കരിച്ച തിനാൽ അതു പൊതുഭാവുകത്വമായി സ്വീകരിക്കപ്പെട്ടു.കേരളത്തിലെ പ്രബലമായ ജാതിസമൂഹങ്ങളെല്ലാം സാഹിത്യഭൂമിയിലിടംനേടിയത് അങ്ങനെയാണ്.. അതിനുമുമ്പുതന്നെ ഈവിഭാഗങ്ങളെല്ലാം സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഭവാധികാരങ്ങൾ കൊണ്ട് ജീവിതത്തിൽ കർത്തൃത്വം നേടിക്കഴിഞ്ഞി രുന്നു.
ദളിതന്റെ ഉടലുകൾക്കും ജീവിതപരിസരങ്ങൾക്കും പ്രത്യക്ഷപ്പെടാൻആദ്യമായി സാഹിത്യഭൂമിയിലിടം കൊടുത്തത് ദളിതരല്ലാത്ത എഴുത്തുകാരാണ്.ദളിതരോടനുഭാവം പ്രകടിപ്പിക്കുന്ന എഴുത്തുകൾ നവോത്ഥാനകാലത്ത് മലയാളത്തിലുണ്ടായി.സാഹിത്യഭൂമിയിൽ ഉദാരതയോടെ ദളിതനു കെട്ടിക്കൊടുത്ത കുടിലുകളാണവ.അങ്ങനെ ‘ചാത്തന്റെ ചാള‘ കുമാരനാശാന്റെ ‘ദുരവസ്ഥ‘യിലൂടെ കവിതയിൽ ദൃശ്യമായി.നീചജാതിക്കാരനേയും ഉന്നതജാതിക്കാരിയേയും ഒന്നിപ്പിക്കാൻ ശ്രമിച്ച കുമാരനാശാന്റെ സംഘർഷങ്ങൾ കൂടിയാണ് ദുരവസ്ഥ.ദളിതനെതിരായ ഒരൊത്തുതീർപ്പിലാണ് ദുരവസ്ഥയിലെ വിപ്ലവം കലാശിച്ചതെന്ന് ആശാൻ ഇന്നു വിമർശിക്കപ്പെടുന്നുണ്ട്. ‘വാഴക്കുല‘യിൽ ചങ്ങമ്പുഴ മലയപ്പുലയനും കെട്ടിക്കൊടുക്കുന്നുണ്ട് ഒരു മാടം.പുരോഗമനകാരിയായിരുന്ന പണ്ഡിറ്റ് കെ.പി.കറുപ്പന്റെ ജാതിക്കുമ്മി ജാതിയെ എതിർക്കുവാൻ ദളിതനെ  (പറയനും പുലയനും)തെറിപറയുന്ന ഒരു കൃതിയായിപ്പോയി. കർഷകത്തൊഴിലാളിക്ക് ഭൂമി കിട്ടാത്തതിനെ ന്യായീകരിക്കാൻ ചാത്തനെന്ന കർഷകത്തൊഴിലാളിയെത്തന്നെ ഉപയോഗിക്കുന്നു തകഴി രണ്ടിടങ്ങഴിയിൽ.”ഭൂമിയിൽ സ്ഥിരാവകാശം കിട്ടിയാൽകർഷകത്തൊഴിലാളി യാഥാസ്ഥിതികനാകും.അവൻ പിന്നെ പാർട്ടിക്കു വോട്ടു ചെയ്യില്ല”(!).
ദളിതനും സവർണനു ഇടയിലെ മധ്യസ്ഥരുടെ ഈഎഴുത്തുകൾ പൂർണമായും ദളിതാനുകൂലമല്ലെന്നുമാത്രമല്ല അവയിലെ സവർണപ്രീണനം ലജ്ജാകരം കൂടിയാകുന്നുണ്ട്.വർഗ്ഗസംഘർഷത്തിന്റെ തലം വിട്ട് ജന്മികുടിയാൻ സ്നേഹബന്ധത്തെയാണ് ഊതിക്കാച്ചി തകഴി ആദർശവൽക്കരിക്കുന്നത്.
സാഹിത്യഭൂമി ഇന്നും പരിഷ്കരിക്കപ്പെട്ടിട്ടില്ല.എഴുത്തിന്റെ ഭൂമിയിൽ ദളിതനിന്നും കുടികിടപ്പുകാരനും പരാശ്രിതനുമാണ്.എഴുത്തിന്റെ കർതൃത്വം ധീരവും സത്യസന്ധവുമായി ഏറ്റെടുക്കാനാവാത്ത വിധത്തിൽ ജീവിതത്തിൽ നിരാലംബൻ.നവോത്ഥാനസാഹിത്യം,പുരോഗമനസാഹിത്യം ആധുനികസാഹിത്യം എന്നെല്ലാമറിയപ്പെട്ട സാഹിത്യവിപ്ലവങ്ങളിലൊന്നും ദളിതൻ വിമോചിപ്പിക്കപ്പെട്ടില്ല.“പുലയർ,പറയർ മുതലായ അധഃകൃത സമുദായങ്ങളിൽ നിന്നുയർന്ന് ഉൽക്കൃഷ്ടനിലയിലെത്തിയ സാഹിത്യകാരന്മാർ ഇനിയും ഉണ്ടായിട്ടില്ല.ഈഴവരല്ലാത്ത അയിത്തജാതിക്കാരിൽ വാലസമുദായത്തിൽ നിന്ന് മാത്രമാണ് ഒരാൾബാലകലേശം നാടകം മുതലായ കൃതികളെഴുതി പേരെടുത്തത്”എന്ന് ഇ.എം.എസ് നിരീക്ഷിക്കുന്നത് 1940-കളിലാണ്.
തൊഴിലാളി വർഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന സാഹിത്യമായിരുന്നു കേരളത്തിലെ പുരോഗമനസാഹിത്യം.ഫ്യൂഡൽ വിടുതിയുടെ സാഹിത്യമായാണതു രൂപപ്പെട്ടത്.തൊഴിലാളി കർഷകപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് വിപ്ലവസങ്കൽ‌പ്പങ്ങളും അതിന് ഭൌതികവും ആത്മീയവുമായ ഇന്ധനം നൽകി.എന്നാൽ സാധാരണതൊഴിലാളികളുടെയും ദളിതരുടേയും സാഹിത്യമായിരുന്നില്ല അത്.സാധാരണതൊഴിലാളികളും ദളിതരും അതിൽ വിഷയമാക്കപ്പെട്ടിട്ടുണ്ടാകാം.അവർ സാഹിത്യത്തിൽ വിഷയങ്ങൾ മാത്രമായിരുന്നു.മലയാളത്തിൽ ജന്മിസാഹിത്യത്തിനുശേഷം ശക്തിപ്പെട്ട പാട്ടക്കുടിയാൻ സാഹിത്യമാണത്.മലയാളത്തിലെ ആദ്യകാലപുരോഗമനസാഹിത്യവും പിൽക്കാലത്തെ ആധുനികസാഹിത്യവും പാട്ടക്കുടിയാൻ സാഹിത്യമാണ് ഭൂപരിഷ്കരണത്തിനുശേഷം ഉയർന്നുവന്ന മദ്ധ്യവർഗ്ഗമലയാളികളും(പഴയ പാട്ടക്കുടിയാന്മാർ)ഉപരിവർഗ്ഗങ്ങളും വൻ‌നഗരങ്ങളിലോ വിദേശത്തോ ജോലി തേടിപ്പോയി.അതിനുള്ള സാമ്പത്തികവിദ്യാഭ്യാസരാഷ്ട്രീയ വിഭവങ്ങൾ അവർകുണ്ടായി രുന്നു.പാട്ടക്കു ടിയാന്മാരിൽ ഭുരിഭാഗവും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമാ യിരുന്നു.ബോംബെയിലും ഡൽഹിയിലും കോഴിക്കോടുനഗരത്തിലും പാരീസിലുമിരുന്ന് അവർ സാഹിത്യമെഴുതി.അതു മലയാളത്തിൽ ആധുനികത യെന്നറിയപ്പെട്ടു.ഭൂമിയിൽ വേ രില്ലാത്ത സാഹിത്യമാണതെന്നു പ്രദീപൻ പാമ്പിരിക്കുന്നു പറയും.നഷ്ടപ്പെട്ട ഭൂതകാലത്തെക്കുറിച്ചുള്ള സവർണഹൈന്ദവസ്മൃതികൾ ഫ്യൂഡൽ ഉണ്ണികളായ ചില എഴുത്തുകാരിലൂടെ പാരമ്പര്യം എന്നപേരിൽ വീണ്ടെടുക്കപ്പെട്ടു സാഹിത്യത്തിൽ.അതും ആധുനികതയുടെ ചെലവിലായിരുന്നു.
നാടോടികളും അന്ധരും രോഗികളും പിച്ചക്കാരും മുക്കുവരും പുതിയ സാഹിത്യത്തിന്റെ ഭൂമിയിൽ കുടിൽ കെട്ടി താമസിക്കാൻ തുടങ്ങിയിട്ടുണ്ട്.പുറമ്പോക്കുകാരായ ഇവർ വൈകിക്കിട്ടിയ മിച്ചഭൂമിയിലാണ്കൃഷി ചെയ്യുന്നത്. അതിന്റെ നീരസങ്ങളും നിരാശകളും നിരൂപണങ്ങളായി പുറത്തുവരുന്നുമുണ്ട്.ദളിതെന്നും പെണ്ണെന്നും പരിസ്ഥിതിയെന്നും സ്വത്വം തിരിഞ്ഞുള്ളഈ നിൽ‌പ്പ്  വർഗ്ഗബോധത്തെ നിഷ്ഫലമാക്കുമെന്നത്രേ ചിലർക്കുള്ള പുരോഗമനഭീതി.സഹിത്യത്തിലെ അഖണ്ഡ അദ്വൈത ദേശിയവാദികൾ ദളിതെഴുത്തിനേയും പെണ്ണെഴുത്തിനേയും അയിത്തക്കാരായി പരിഗണിക്കുന്നു.അവക്കിപ്പോഴും സൌന്ദര്യാനുഭൂതികളുടെ കേവലാവിഷ്കാരമാണ് സാഹിത്യം.
പെണ്ണെഴുത്ത് പുരുഷനു സാധ്യമാകാത്തതു പോലെ ദളിത് എഴുത്ത് അദളിതനും സാധ്യമല്ല.പുരുഷന്റെ പെണ്ണെഴുത്തും അദളിതന്റെ ദളിതെഴുത്തും അനുഭാവസാഹിത്യം മാത്രമാണ്.യഥാർത്ഥ അനുഭവത്തിന്റെ അവകാശികളാണ് അതിന്റെ യഥാർത്ഥ സാഹിത്യം സൃഷ്ടിക്കുക.യഥാർത്ഥ കർഷകനെ ഒഴിവാക്കി പാടവരമ്പത്തു നിന്ന കാര്യസ്ഥനു ഭൂവുടമസ്ഥത നൽകിയതു പോലൊരു(അ)നീതിയാണ് സാഹിത്യകർതൃത്വത്തിന്റെ കാര്യത്തിലും ഇവിടെ സംഭവിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ദളിത് എഴുത്തുകാരൻ എന്ന ബഹുമതിയും അദളിത് എഴുത്തുകാരൻ ആഗ്രഹിക്കുന്നു.ദളിത് സാഹിത്യത്തിന്റെ മാർക്കറ്റിൽ മൂലധനമിറക്കുന്നു.പുലയപ്പാട്ടു പൊലുള്ള കൃതികളുണ്ടാകുന്നത് അങ്ങനെയാണ്. അനുഭവങ്ങൾ തുറന്നെഴുതുന്ന ധീരവും സത്യസന്ധവുമായ ആഖ്യാനങ്ങൾ ദളിതന്റേതായി മലയാളത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നേയുള്ളു.ദളിതന്റെ പൂർണ്ണമായ സ്വത്വവിഷ്കാരം ജീവിതത്തിൽ അവൻ നേടുന്ന വിഭവാധികാരവുമായി ബന്ധപ്പെട്ടുകൊണ്ടേ സാധ്യമാകൂ.അനുഭാവപൂർവം പരിഗണിക്കപ്പെടുന്നതിലൂടെയല്ല അനുഭവങ്ങളുടെ ഉടമസ്ഥരാകുന്നതിലൂടെയാണ് ദളിതന്റെ ഭൂമി സാഹിത്യത്തിൽ ഇടം നേടുക

 

ശനിയാഴ്‌ച, ഡിസംബർ 03, 2011

കാക്കനാടൻ



വന്യപ്രതിഭകളുടെസാഹസികമനോസഞ്ചാരങ്ങളെഅരാജകത്വമെന്നോ സാമൂഹികവിരുദ്ധതയെന്നോ മുദ്രകുത്തി കല്ലെറിയുന്നതാണ് സാമാന്യരീതിയും എളുപ്പവും.കാക്കനാടനെപ്പോലുള്ളവരെ വിലയിരുത്തുമ്പോൾ മലയാളത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്.വ്യക്തിപ്രഭാവത്തെ മഹത്വപ്പെടുത്തുകയും ആത്മബോധമാക്കുകയും ചെയ്തവരുടെ പരമ്പരയിലാണ് കാക്കനാടനും ഉൾപ്പെടുന്നത് എന്നതിൽ തർക്കമില്ല.മല്ലയാളസാഹിത്യത്തിലെ ആധുനികത സാമൂഹികതയെ നിഷേധിച്ചുകൊണ്ടുള്ള വ്യക്തിവൈഭവങ്ങളുടെ അരാജകമാ‍യ ആഘോഷങ്ങളായാണ് രൂപപ്പെട്ടതും.കാക്കനാടൻ അതിന്റെ ആചാര്യസ്ഥാനീയനായത് യാദൃശ്ഛികവുമല്ല.

രാഷ്ട്രീയസാമൂഹികപ്രസ്ഥാ‍നങ്ങൾ തന്നെ ശവംനാറിക്കുളങ്ങളാകുമ്പോൾ അരാജകവാദികളായ ഒറ്റയാൻ‌മാരുടെ കലാപങ്ങൾക്ക് വിപ്ലവത്തിന്റെ സൌന്ദര്യം കൈവരുന്നുണ്ട്.ആ അർത്ഥത്തിൽ ‘യാഥാസ്ഥിതികമായ സാമൂഹികബോധ‘ത്തെ നിഷേധിക്കുന്നത് പുരോഗമനപരം പോലുമാകുന്നു.കാക്കനാടനെപ്പോലുള്ള എഴുത്തുകാർ ഇത്തരത്തിലുള്ള ഇളക്കിമറിക്കലിന്റേയും കലാപത്തിന്റേയുംസൌന്ദര്യമൂല്യംഉള്ളവരാണ്.നിശ്ചലമായി നിന്ന കലാസാഹിത്യ സൌന്ദര്യ ധാരണകളെ ഞെട്ടിച്ചുകൊണ്ട് അവരുയർത്തിവിട്ട കൊടുങ്കാറ്റിന് വലിയ പരിവർത്തന ശേഷിയുണ്ടായിരുന്നു.

അപരിചിതമേഖലകളെ പ്രമേയമാക്കുമ്പോഴും അതിനായുള്ള ഭാഷ സൃഷ്ടിക്കുമ്പോഴും ഭാവുകത്വം അലോസരപ്പെടും.രോഗവും ലൈംഗികതയും വൈകൃതങ്ങളും സദാചാ‍രകാപട്യങ്ങളും പച്ചയായി മലയാളത്തിലാവിഷ്കരിക്കപ്പെട്ടു കാക്കനാടനിലൂടെ.‘വസൂരി‘യിൽ രോഗം തന്നെ കഥാപാത്രമാകുന്നു.പ്രസ്ഥാനങ്ങളിലുള്ളവിശ്വാ‍സനഷ്ടം‘ഉഷ്ണമേഖല‘യുടെ പൊള്ളലാകുന്നു.കുടി യേറ്റത്തിന്റെ പ്രതിസന്ധികളുടെ ഭൌതികവും വൈകാരികവുമായ തലങ്ങൾ ‘ഒറോത‘യിൽ അടയാളപ്പെടുത്തുന്നു.

ആഭിചാരപരമായഒരന്തരീക്ഷംഭാഷയിലൂടെകാക്കനാടൻസൃഷ്ടിക്കുന്നുണ്ട്.ഭാഷയെ താന്ത്രികമാക്കുന്ന തിനുദാ‍ഹരണമാണ്‘ ശ്രീചക്രം‘ പോലുള്ള കഥകൾ.
സംഘടിതപ്രസ്ഥാനങ്ങളുമായി സമരസപ്പെടാനാ‍വാത്ത മനോഘടന ചിലരെ ഒറ്റയാൻ‌മാരാക്കുന്നു.എല്ലാത്തരം അധികാരഘടനകളേയും നിരാകരിക്കുന്നതാണ് അവരിലെ വ്യക്തിചേതന.അതിന്റെ നന്മതിന്മകൾ കാക്കനാടന്റെ ജീവിതത്തിലും എഴുത്തിലും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഉയർന്ന ഇടത്തരക്കാരന്റെ ആകുലതകളുമായാണ് കാക്കനാടന്റെ സംവാദം.സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ സങ്കീർണമായ വേവലാതികളെ അത് അസ്തിത്വപ്രശ്നവുമായി കൂട്ടിക്കെട്ടി.ദാർശനികഛായയിലവതരിപ്പിക്കപ്പെട്ട അമൂർത്തതകൾക്ക് സൌന്ദര്യഭാഷ്യം നൽകി.അരാജകപുരുഷന്റെ ആക്രമണോത്സുക നോട്ടങ്ങൾക്ക് ജീവിതത്തെ വിധേയപ്പെടുത്തി.സ്ത്രീയും പ്രകൃതിയും ഭോഗസാധ്യതകളായി പുനരാ‍വിഷ്കരിക്കപ്പെട്ടു.

വ്യക്തികൾ മുമ്പേ നടക്കുകയും പ്രസ്ഥാനങ്ങൾ പിന്നിലാവുകയും ചെയ്യുന്നത് സാഹിത്യചരിത്രത്തിലും അപൂർവമല്ല.ആരേയും കൂടെക്കൂട്ടാനുള്ള ഉത്തരവാദിത്തമില്ലായ്മയാണ് പലപോഴും മുമ്പേ പറക്കുന്നവരുടെ സ്വാതന്ത്ര്യമാകുന്നത്.വഴിവെട്ടിപ്പോകുമ്പോൾ കൊണ്ട കുപ്പിച്ചില്ലിന്റേയും കല്ലേറിന്റേയും വേദനകൾ തങ്ങൾക്കുവേണ്ടിയായിരുന്നെന്ന് ഭാവിയെക്കൊണ്ടു പറയിക്കാനാകുമ്പോൾ അവർ തീർച്ചയായും ആരാധ്യരായിത്തീരും.

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

എ.അയ്യപ്പൻ


അയ്യപ്പന്റെ കാവ്യപ്രപഞ്ചം ഒരിരുണ്ട ഭൂഖണ്ഡമാണ്.പ്രാകൃതികമായ വന്യതയും ഹിംസയും ചതുപ്പും അവിടെയുണ്ട്.അയ്യപ്പന്റെ ഋതു ഗ്രീഷ്മമാണ്.മറ്റെല്ലാ ഋതുക്കളെപ്പറ്റിയും പറയുന്നുണ്ടെങ്കിലും ഗ്രീഷ്മമാണ് യാഥാർത്ഥ്യം.പച്ചയും നീലയും കാടും കാരുണ്യവുമൊക്കെ പ്രതീക്ഷയോ സ്വപ്നമോ ആണ്.ജീവിതത്തെയെന്നപോലെ മരണത്തേയും പലതവണ അഭിസംബോധന ചെയ്തിട്ടുണ്ട്.

കവിതയിലെ ജനകീയതയുടെ വക്താവല്ല. അയ്യപ്പൻ തൊണ്ടയുടേയും കേൾവിയുടേയും കവിയല്ല.കാഴ്ചയുടെ കവിയാണ്.വാക്കുകൾകൊണ്ട് ചിത്രം വരക്കും.നിറം കൊടുക്കും.ചിലത് ബിംബങ്ങൾകൊണ്ടുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങൾ-കൊളാഷ്..

കവിതയിലും ജീവിതത്തിലും അയ്യപ്പന് ഉഭയജീവിതമുണ്ട്.ബോധത്തിന്റെ കരയിലും അബോധത്തിന്റെ കടലിലുമായി.കവിധർമ്മത്തെക്കുറിച്ചും കാവ്യലക്ഷ്യത്തെക്കുറിച്ചും അയ്യപ്പനു നിലപാടുകളുണ്ട്‘.ശരീരം നിറയെ മണ്ണും മണ്ണു നിറയെ രക്തവും രക്തം നിറയെ കവിതകളും കവിത നിറയെ കാൽ‌പ്പാടുകളുമുള്ള‘വനാണ് അയ്യപ്പൻ.അയാൾ കവിതയിൽ കാഞ്ഞിരം വളർത്തുന്നു.

താൻ ബലിയാടുമാത്രമല്ല പ്രവാചകൻ കൂടിയാണെന്നും പറയാൻ അയ്യപ്പൻ മടിച്ചിട്ടില്ല.മോശയെപ്പോലെ ജനങ്ങളെ വചനങ്ങൾക്കൊപ്പം കാതോർത്തുനിർത്താൻ കഴിയണം കവിക്ക് എന്ന പക്ഷമുണ്ട്.കരുത്തുള്ള കവിതക്കുപിന്നാലെ ജനം വരുമെന്ന വിശ്വാസമുണ്ടായിരുന്നു.ചരിത്രത്തിൽ ആനന്ദവും ആവേശവും ആഘോഷവുമായി മാറണം കവിജീവിതം എന്ന പക്ഷക്കാരനായ അയ്യപ്പൻ ആ അർത്ഥത്തിൽ ജീവിതത്തെ ആഘോഷിച്ചിട്ടുണ്ട്.അയ്യപ്പൻ സഹതാപാർഹനല്ല.
  
ജനപ്രിയതയിൽനിന്നും അധികാര രൂപത്തിൽ നിന്നുംഅകന്നുനിൽക്കുന്ന പ്രവണത അയ്യപ്പനിൽ ആദ്യന്തമുണ്ട്. എഴുപതിന്റെ അവസാനം കവിതാരംഗത്ത് ബാലചന്ദ്രൻചുള്ളിക്കാടിനൊപ്പം സജീവമായിരുന്നു.എങ്കിലുംചുള്ളിക്കാടിനൊപ്പംപേരെടുത്തില്ല.കാവ്യരൂപങ്ങളിലും രചനാരീതിയിലുമുള്ള അന്തരമാവാമിതിനുകാരണം.അയ്യപ്പൻകവിയരങ്ങുകളുംസാഹിത്യചർച്ചകളും ബഹിഷ്കരിച്ചു.മുക്തഛന്ദസ്സുകളുടെആകവിബോധപൂർവംതീർത്ത സൌന്ദര്യശാസ്ത്രപ്രതിരോധമാകാമത്. 

സാഹിത്യത്തിലെ ആധുനികതയുടെ അന്തരീക്ഷത്തിലേക്കു പിറന്നുവീണ കവിയാണ് അയ്യപ്പൻ.പ്രത്യക്ഷരാഷ്ട്രീയ പ്രശ്നങ്ങളിലോ സാമൂഹ്യപ്രശ്നങ്ങളിലോ അയ്യപ്പന്റെ പങ്കാളിത്തമില്ല.ആഹ്വാനങ്ങൾക്കും പ്രബോധനങ്ങൾക്കും പകരം മലയാളകവിത അയ്യപ്പനിലൂടെ കുറ്റബോധത്തിന്റേയും ആത്മനിന്ദയുടേയും സ്വരമായി.അപരിചിതമായ ഒരു സൌന്ദര്യബോധത്തിന്റെ സ്രഷ്ടാവെന്ന നിലയിൽ കവിതയിലെ വിപ്ലവകാരിയാണ് അയ്യപ്പൻ.ആധുനികനും ആധുനികോത്തരനുമായി വായിക്കപ്പെടാനുള്ള സാധ്യതകൾ ആ  കവിതകളിൽ വേണ്ടുവോളമുണ്ട്.

മലയാളത്തിലെ മറ്റേതെങ്കിലും കവിജീവിതങ്ങളോടു താരതംയപ്പെടുത്താമെങ്കിൽ ചങ്ങമ്പുഴയോടും കുഞ്ഞിരാമൻ നായരോടും മാത്രമാണ്.രണ്ടുപേരും അരാജകജീവികളായിരുന്നു.രണ്ടുപേരുടേയും കവിതകളുമായി അയ്യപ്പന്റെ കവിതക്കൊരു ബന്ധവുമില്ല.ബിംബങ്ങളുടെ ധാരാളിത്തത്തിന്റെ കാര്യത്തിൽ കുഞ്ഞിരാമൻ നായരെ കവച്ചുവക്കാൻ ശ്രമിക്കുന്നുവെന്നു തോന്നാം.

സിരാരോഗിയായ കവി സിൽ‌വിയാപ്ലാത്തിന്റേയും കിറുക്കനായ ചിത്രകാരൻ വാൻ‌ഗോഗിന്റേയും ആരാധകനായിരുന്നു അയ്യപ്പൻ.കവിതയിലേക്ക് ജൈവപ്രകൃതിയുടെ ആവാസവ്യവസ്ഥ കൊണ്ടുവന്നു.കടും‌നിറങ്ങളോടും കഠിനാനുഭവങ്ങളോടും താല്പര്യം കാട്ടി‘.ഞാൻ ബലിയാടായി തുടരുകതന്നെ ചെയ്യും.മറ്റാരെങ്കിലും അതാകേണ്ടിയിരിക്കെ‘ എന്ന് മരണാനന്തരവും തെളിയിച്ചു!

              

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

മുല്ലനേഴി


മുല്ലനേഴി ഇല്ലായിരുന്നെങ്കിൽ മലയാളത്തിലെ പതിതരായ പാവം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ഭാഷയില്ലാതെ പോകുമായിരുന്നു.ജീവിതത്തിന്റെ കെട്ടുകാ‍ഴ്ചകളിൽ അവർ നഷ്ടപ്പെട്ടുപോകുമായിരുന്നു.ഭാ‍ഷയുടെ നാട്ടുവെളിച്ചം കൊണ്ടാണ് മുല്ലനേഴി എഴുതിയത്.തെളിമലയാളത്തിന്റെഎഴുത്ത്.തോളിൽകയ്യിട്ടുനടക്കുന്ന സൌഹൃദമാണ തിന്റെ സഹജഭാവം.താങ്ങാനും തണലാകാനും കുപിതനാകാനുമുള്ള സന്നദ്ധതയുടെ ഹൃദയവാഗ്ദാനം.

സാധാരണ മനുഷ്യരെയാണ് മുല്ലനേഴി അഭിസംബോധന ചെയ്തത്.മണ്ണും പ്രകൃതിയുമായിനേരിട്ടു ബന്ധപ്പെട്ട മനുഷ്യരെ.മുല്ലനേഴി അവരോടൊപ്പം നിൽക്കുകയും അനുഭവങ്ങൾപങ്കിടുകയുംഅവരുടെകവിയാകുകയുംചെയ്തു.ഊതിവീർപ്പിക്കപ്പെട്ട അസ്തിത്വപ്രശ്നങ്ങളായിരുന്നില്ലഎന്നുംസാധാരണ ക്കാരന്റെഉൽക്കണ്ഠകൾ .അതിജീവനവുമായിബന്ധപ്പെട്ടപ്രാ‍ഥമികപ്രശ്നങ്ങ ളാണ്.അതു കൊണ്ട് മുല്ലനേഴി ഭാഷയിലെ പരീക്ഷണങ്ങളിലേക്കോ കാവ്യരൂപങ്ങളുടെ പരിഷ്കരണങ്ങളിലേക്കോ വിപ്ലവം നയിച്ചില്ല.

സാമൂഹികപ്രതിബദ്ധത പരിഹസിക്കപ്പെടേണ്ട പദമല്ലെന്ന് അദ്ധേഹം നിരന്തരം ഓർമ്മിപ്പിച്ചു. മനുഷ്യത്വത്തെ ഒറ്റിക്കൊടുക്കുന്നവരുടെ ശത്രുപക്ഷത്തുനിന്നു.
സമതലമാണ് മുല്ലനേഴിയുടെനിത്യപ്രമേയം.സമതലംഒരു പ്രത്യയശാസ്ത്രപ്രയോഗമാണ്.ആത്യന്തികമായിഒരു രാഷ്ട്രീയവിവക്ഷയും.കാഴ്ചയിലെ സാമൂഹികതയാണ് സമതലത്തിന്റെ സൌന്ദര്യശാസ്ത്രം.അധികാരബന്ധങ്ങളിലെ നിമ്നോന്നതങ്ങൾക്കെതിരായ നിലപാട്.അതു വർഗ്ഗരാഷ്ട്രീയ നിലപാടായി എഴുത്തിനു കരുത്തുപകരുന്നു.

സമകാലികതയും സാർവകാലികതയും ഒരേയളവിൽ ചേരുന്നുണ്ട് മുല്ലനേഴിയിൽ.സമകാലികതയിൽ നിന്ന് സാർവകാലികതയെ തൊടുന്ന എഴുത്താണത്.മണ്ണിൽ ഉറച്ചുനിന്ന് ആകാശത്തെ തൊടുന്നതാണ് മുല്ലനേഴിയുടെ ജിവിതത്തിന്റേയും കവിതയുടെയും വഴി.എല്ലാമനുഷ്യർക്കും ഒരേ ആകാശം വീണുകിട്ടുന്നതിനെപ്പറ്റിയുള്ള പ്രതീക്ഷകൾ അവയിൽ കാണാം.ഇന്നലെയോളം കണ്ട കിനാവുകൾ ഈ ജന്മം തന്നെ നേടാനുള്ള കുതിപ്പുകളും.

നവോത്ഥാനമൂല്യങ്ങളുടെ ഊർജ്ജമായിരുന്നു മുല്ലനേഴിക്കു പാരമ്പര്യം.പുതിയകാലത്തെ പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം നടന്നു വിയർക്കുമ്പോഴും തളരാതെ കാത്ത ശക്തി.ശാസ്ത്രസാഹിത്യപരിഷത്തുംദേശാഭിമാനി സ്റ്റ്ഡീസർക്കിളും പുരോഗമനകലാസാഹിത്യസംഘവും അദ്ധേഹത്തിനു ജീവിതത്തിലെ വഴിത്താവളങ്ങൾ മാത്രമായിരുന്നില്ല.എടുത്തും കൊടുത്തും വളരാനും വളർത്താനുമുള്ള മഹാപ്രസ്ഥാനങ്ങൾ തന്നെയായിരുന്നു.ഒഴുക്കിനെതിരെ നിന്താൻ പഠിപ്പിക്കുന്ന പരീക്ഷണശാലകൾ.

കവി,ഗാനരചയിതാവ്,നടൻ എന്നിങ്ങനെയെല്ലാം മുല്ലനേഴിയിലെ നാടൻ മനുഷ്യൻ വ്യത്യസ്തരൂപഭാവങ്ങൾകൈക്കൊണ്ടു.കാളിയെപ്പോലുംകളിയാക്കുന്ന ‘നാറാണത്തുപ്രാന്ത ‘നിലേക്കു മുല്ലനേഴിയിൽ നിന്ന് അധികം ദൂരമില്ല..